ന്യൂഡൽഹി : രണ്ട് കേന്ദ്രമന്ത്രിമാരടക്കം ഒൻപത് രാജ്യസഭാ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. സെപ്തംബർ 3ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 12 രാജ്യസഭാ സീറ്റുകളിലേക്കാണ് സെപ്റ്റംബർ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 9 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആണ് രാജ്യസഭാ സ്ഥാനാർത്ഥികളിലെ ശ്രദ്ധേയ സാന്നിധ്യം. മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയ സഹമന്ത്രിയാണ് ജോർജ്ജ് കുര്യൻ. മധ്യപ്രദേശിൽ നിന്നുമാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. മുൻ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെ ഒഴിഞ്ഞുകിടക്കുകയായിരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ജോർജ് കുര്യൻ എത്തുന്നത്.
ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയിലൂടെ (ബിജെവൈഎം) രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ജോർജ് കുര്യൻ. കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരള ബിജെപി ഘടകത്തിലെ സംഘടനാ പ്രവർത്തകരിൽ മുൻനിരയിലുണ്ടായിരുന്ന ജോർജ് കുര്യൻ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അപ്രതീക്ഷിതമായാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തിയത്. തൃശ്ശൂർ എം പി സുരേഷ് ഗോപിയും ജോർജ് കുര്യനും അടക്കം രണ്ട് കേന്ദ്രമന്ത്രിമാരാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിൽ നിന്നുമുള്ളത്.
രാജസ്ഥാനിൽ നിന്നുള്ള കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു ആണ് ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന മറ്റൊരു കേന്ദ്ര മന്ത്രി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്ന വ്യക്തിയാണ് ഇദ്ദേഹം. പഞ്ചാബിലെ ലുധിയാനയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജ വാറിംഗിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയാണ് രവ്നീത് സിംഗ് ബിട്ടു.
Discussion about this post