തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിന്റെയും മലയാളികളുടെയും അഭിമാനം ഉയർത്തിയ ഹോക്കി താരം പിആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ട് കോടി രൂപയാണ് മെഡൽ നേട്ടത്തിന് സർക്കാർ നൽകുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
ഇന്ത്യയ്ക്കായി പാരിസ് ഒളിമ്പിക്‌സിനായി ഹോക്കിയിൽ വെങ്കല മെഡൽ ആയിരുന്നു ശ്രീജേഷും സംഘവും നേടിയത്. മത്സരത്തിന് പിന്നാലെ കേരളത്തിൽ എത്തിയ അദ്ദേഹത്തിന് കേരള സർക്കാർ ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന് പാരിതോഷികം പ്രഖ്യാപിക്കാതിരുന്നതിൽ സർക്കാരിനെതിരെ ആക്ഷേപവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിൽ അദ്ദേഹത്തിന് രണ്ട് കോടി രൂപ നൽകാൻ തീരുമാനിച്ചത്.
അതേസമയം ശ്രീജേഷിന് ഐഎഎസ് പദവി നൽകണം എന്ന ആവശ്യം കേരള ഒളിമ്പിക്‌സ് അസോസിയേഷൻ ഉയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ച് വരികയാണ് ശ്രീജേഷ്.
Discussion about this post