എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിർദേശം. വനിതാ കമ്മീഷനെ ഹർജിയിൽ സ്വമേധയാ കക്ഷി ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. കേസ് എടുക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ചോദിച്ച കോടതി കമ്മറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര കുറ്റകൃത്യങ്ങള്‍ അല്ലെ എന്നും ചോദിച്ചു. മൊഴി തന്നവരുടെ പേരുകൾ റിപ്പോര്‍ട്ടില്‍ ഉണ്ടോ, പോലീസിന് കേസെടുക്കേണ്ട കുറ്റങ്ങള്‍ അതിലുണ്ടോ എന്നീ ചോദ്യങ്ങളും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിനെ പറ്റി സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്‌ച്ചിറ നവാസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
Discussion about this post