ന്യൂഡൽഹി: ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പനി, ജലദോഷം, അലർജി എന്നിവയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഉൾപ്പെടെയാണ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
ഫിക്‌സ്ഡ് ഡോസ് കോമ്പിനേഷൻ വിഭാഗത്തിൽപ്പെടുന്ന 156 മരുന്നുകൾക്കാണ് നിരോധനം. പാരസെറ്റമോൾ 124 എംജി, അസെക്ലോഫെനാക് 50 എംജി എന്നീ കോമ്പിനേഷനുകൾ നിരോധിച്ചയിൽ ഉൾപ്പെടുന്നു. പാരസെറ്റമോൾ, ട്രമഡോൾ, ടോറിൻ, കഫീൻ എന്നിവയുടെ കോമ്പിനേഷനുകളും നിരോധിച്ചിട്ടുണ്ട്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടിലെ 26ാം വകുപ്പ് പ്രകാരം ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മെഫെനാമിക് ആസിഡ് പാരസെറ്റമോൾ ഇൻജക്ഷൻ, സെറ്റിറൈസിൻ എച്ച്‌സിഎൽ പാരസെറ്റമോൾ ഫെനൈലെഫ്രിൻ എച്ച്‌സിഎൽ, ലെവോസെറ്റിറൈസിൻ ഫെനൈലെഫ്രിൻ എച്ച്‌സിഎൽ പാരസെറ്റാമോൾ, പാരസെറ്റാമോൾ ക്ലോർഫെനിറാമൈൻ മലേറ്റ് ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോൾ 30 എന്നിവയും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 നാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ വർഷവും 14 കോമ്പിനേഷൻ മരുന്നുകൾ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സമാന നടപടി സ്വീകരിച്ചിരിക്കുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ 2016 ലും കരുന്നുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. 344 കോമ്പിനേഷൻ കരുന്നുകൾ ആണ് കേന്ദ്രം നിരോധിച്ചത്.
Discussion about this post