വിവാഹജീവിതം പലരുടെയും സ്വപ്‌നമാണ്. വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് എല്ലാവർക്കും പല സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഉണ്ട്. എന്നാൽ ചിലരുടെ ഡിമാൻഡുകൾ കേൾക്കുമ്പോൾ കണ്ണ് തള്ളിപ്പോവും. ലോകത്ത് ഇന്നേ വര കേട്ടുകേൾവി പോലും ഇല്ലാത്ത ഡിമാൻഡുകളാണ് ചിലർ പറയുക. അത്തരത്തിൽ ലോക മണ്ടത്തരമെന്ന് പെൺകുട്ടികൾക്ക് തോന്നിയേക്കാവുന്ന ചില ഡിമാൻഡുകൾ വച്ച ഒരു യുവാവിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
വധു എങ്ങനെ ആയിരിക്കണം എന്നാണ് യുവാവ് പറയുന്നത്. എന്തിനേറെ പറയുന്നു, വധുവിന്റെ ബിഎംഐ എത്രയാവണം എന്നത് പോലും യുവാവ് കൃത്യമായി പറഞ്ഞിട്ടുണ്ട്.വീടും കുടുംബകാര്യങ്ങളും നോക്കാൻ കഴിവുള്ളവളായിരിക്കണം വധു എന്നാണ് പറയുന്നത്. അവൾ ഊർജ്ജസ്വലയായിരിക്കണം. മുഴുവൻ വീട്ടുകാരെയും നോക്കാൻ പറ്റുന്നവളായിരിക്കണം. ശാരീരികമായും മാനസികമായും വസ്ത്രത്തിന്റെ കാര്യത്തിലും ജീവിതശൈലിയുടെ കാര്യത്തിലും എല്ലാം മികച്ചതായിരിക്കണം. വീട്ടിലേക്ക് നിറങ്ങൾ കൊണ്ടുവരുന്നവളായിരിക്കണമെന്നും പറയുന്നുണ്ട്. ഇതൊക്കെ ഓക്കേ പക്ഷേ പിന്നീട് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോഴാണ് അന്തം വിടുക.
24 ആണ് യുവാവ് പറയുന്ന ബിഎംഐ. ഒപ്പം വീട്ടിൽ ജോലിക്കാരുണ്ടാവില്ല. എല്ലാ വീട്ടുജോലിയും ചെയ്യാൻ പ്രാപ്തിയുള്ളവളായിരിക്കണം എന്നാണ് ആവശ്യം. അവൾക്ക് ജോലി വേണമെന്നില്ല, സമ്പാദിക്കണമെന്നുമില്ല. അതെല്ലാം അപ്രധാനമാണ്. അഥവാ ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് പാഷന്റെ പുറത്ത് ചെയ്യാം. പക്ഷേ, വീട്ടിലെ കാര്യങ്ങളെല്ലാം കഴിഞ്ഞേ അതിന് പ്രാധാന്യമുള്ളൂ എന്നും പറയുന്നു. വിവാഹം കഴിഞ്ഞ് ഏഴ് വർഷം അവൾക്ക് ജോലിക്ക് പോവാനാവില്ല, പ്രത്യേകിച്ച് ചെന്നൈയിൽ അല്ലെങ്കിൽ. കാരണം, വിവാഹം കഴിഞ്ഞയുടനെ കുട്ടികൾ വേണം. കുട്ടി സ്‌കൂളിൽ പോകുന്നത് വരെ അവൾക്ക് ജോലിയിൽ എങ്ങനെ ശ്രദ്ധിക്കാനാവും എന്നാണ് ചോദ്യം.
പിഎച്ച്ഡിയുള്ള ഗോൾഡ് മെഡൽ ജേതാവായ യുവാവാണ് ഇത്രയും പിന്തിരിപ്പൻ ആശയങ്ങളുമായി വന്നിരിക്കുന്നത് എന്നതാണ് ഇതിൽ ഏറ്റവും അതിശയകരമായ കാര്യം. എന്നാൽ യുവാവിന്റെ ഡിമാൻഡുകളോട് ചേർന്നുനിൽക്കുന്ന താത്പര്യമുള്ള പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ തമ്മിൽ വിവാഹം കഴിച്ച് സുഖമായി ജീവിക്കട്ടെ എന്ന് നിർദ്ദേശിക്കുന്നവരും കുറവല്ല.
Discussion about this post