ലക്‌നൗ: സർക്കാർ ജീവനക്കാർ തങ്ങളുടെ സ്വത്തുക്കളുടെ വിവരങ്ങൾ ഉടൻ അറിയിക്കണമെന്ന് യുപി സർക്കാർ. സ്വത്ത് വിവരങ്ങൾ പങ്കുവയ്ക്കാത്തവർക്ക് ശമ്പളം നൽകില്ലെന്നും സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരുടെ അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് സർക്കാർ ജീവനക്കാർ സ്വത്തുക്കളുടെ വിവരങ്ങൾ അറിയിക്കണമെന്ന് വ്യക്തമാക്കി യുപി സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിനായുള്ള സമയപരിധി ഡിസംബർ 31 വരെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ചുരുക്കം ചില ജീവനക്കാർക്ക് മാത്രമാണ് ഈ പ്രക്രിയ സമയപരിധിയ്ക്കുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതോടെ സർക്കാർ സമയപരിധി ഈ വർഷം ജൂൺ 30 ആക്കി. പിന്നീട് ജൂലൈ 31 വരെയും സമയം നീട്ടി. പിന്നെയും ജീവനക്കാർ ബാക്കി ആയതോടെ ഈ മാസം 31 ലേക്ക് മാറ്റുകയായിരുന്നു.
ഈ സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതേ തുടർന്നാണ് സർക്കാർ അന്ത്യശാസനം എന്ന തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്. 13 ലക്ഷത്തിലധികം ജീവനക്കാർ ആണ് ഇനിയും ഈ നടപടിക്രമം പൂർത്തിയാക്കാനുള്ളത്. 31 നകം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ സർക്കാർ ഇവർക്ക് ഈ മാസത്തെ ശമ്പളം നൽകില്ല.
Discussion about this post