ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക നേട്ടം കൂടി സ്വന്തമാക്കി ഡിആർഡിഒ. ന്യൂക്ലിയാർ കേപ്പബിൾ ബാലിസ്റ്റിക് മിസൈലായ പ്രിഥ്വി-IIന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പാകിസ്താന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഡിആർഡിഒ പ്രിഥ്വി-II ന് രൂപം നൽകിയത്. രാത്രി കാലങ്ങളിൽ പ്രയോഗിക്കാവുന്ന മിസൈലാണ് ഇത്.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പ്രിഥ്വി-II പരീക്ഷിച്ചത്. ഒഡീഷയിലെ കേന്ദ്രത്തിൽ നിന്നും രാത്രി 7.46 ഓട് കൂടിയായിരുന്നു പരീക്ഷണം. ഇതിൽ മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിച്ച് കരുത്ത് തെളിയിച്ചു. വിവിധ സാഹചര്യത്തിൽ മിസൈൽ എങ്ങിനെ കരുത്ത് കാണിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനുള്ള പരീക്ഷണം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇതോടെ രാത്രികാലങ്ങളിൽ മിസൈലുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വ്യക്തമായി.
സിംഗിൾ സ്റ്റേജ് ലിക്വിഡ് ഫ്യൂവെൽഡ് മിസൈൽ ആണ് പ്രിഥ്വി-II. 350 കിലോ മീറ്റർ ആണ് ഈ മിസൈലുകളുടെ ദൂരപരിധി. വ്യത്യസ്തതരം പോർമുനകൾ ( പരമ്പരാഗതവും ആണവവും) വഹിക്കാനുള്ള ശേഷിയാണ് പ്രിഥ്വി-II ന്റെ പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ നിർണായക സൈനിക നീക്കങ്ങളിൽ ഈ മിസൈൽ ഇന്ത്യൻ സേനയ്ക്ക് മുതൽകൂട്ടാകും. 500 മുതൽ 1000 കിലോ വരെ പേലോഡ് വഹിക്കാനുള്ള ശേഷി മിസൈലിനുണ്ട്.
Discussion about this post