ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി യുവാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ചതിന്റെ പേരിലാണ് യുവാവ് ഭാര്യയുമായുള്ള വിവാഹ ബന്ധം തലാക്ക് ചൊല്ലി വേർപെടുത്തിയത്. സംഭവത്തിൽ അയോദ്ധ്യ സ്വദേശി അർഷാദിനെതിരെ പോലീസ് കേസ് എടുത്തു.
മൊഹല്ല സരായി സ്വദേശിനിയാണ് തലാക്ക് ചൊല്ലിയെന്ന പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇതിന് ശേഷം യുവതി അയോദ്ധ്യ ധാം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങളിൽ പെൺകുട്ടി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിക്കുകയും പതിവായിരുന്നു. ഇത് തുടർന്നപ്പോൾ യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും യുവാവ് പെൺകുട്ടിയെ തിരികെ കൊണ്ട് പോയില്ല. ഇതോടെ യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിൽ എത്തി കാര്യം അന്വേഷിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി അടുത്തിടെ യുവതിയെ യുവാവ് വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവതി വീണ്ടും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ചു. ഇതിൽ അരിശംപൂണ്ട യുവാവ് യുവതിയെ മൂന്ന് തവണ തലാക്ക് ചൊല്ലുകയായിരുന്നു.
ഇതിന് ശേഷം യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവും ബന്ധുക്കൾക്കും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് സ്ത്രീധന നിരോധന നിയമം, മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമം എന്നിവ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post