കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് എഴുത്തുകാരി എംഎ ഷഹനാസ്. പൊതുപരിപാടിയിൽ മദ്യപിച്ച് ലക്കുകെട്ട് തന്റെ അടുത്ത് ഇരുന്ന രഞ്ജിത്ത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത് എന്ന് ഷഹനാസ് പറഞ്ഞു. രഞ്ജിത്തിനെതിരായ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആയിരുന്നു ഷഹനാസിന്റെ പ്രതികരണം.
കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു രഞ്ജിത്തിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. പരിപാടിയിൽ താൻ മുഖ്യാതിഥി ആയിരുന്നു. അന്ന് മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് തന്റെ അടുത്ത് ഇരുന്നത്. വലിയ ബുദ്ധിമുട്ട് ആയിരുന്നു അദ്ദേഹം സൃഷ്ടിച്ചത്. ഇതേക്കുറിച്ച് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വേട്ടക്കാർക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് രഞ്ജിത്ത്. വി ആർ സുധീഷിനെ പരിപാടിയിൽ പങ്കെടുപ്പിച്ചത് ഇതിന് ഉദാഹരണം ആണ്. ഇന്നലെ പ്രമുഖ നടി നടത്തിയ വെളിപ്പെടുത്തലിൽ നിന്നും രഞ്ജിത്തും ഒരു വേട്ടക്കാരൻ ആണെന്ന് വ്യക്തമാക്കി. അതുകൊണ്ടാണ് വേട്ടക്കാർക്കൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നത്. എന്നിട്ടും നമ്മുടെ സാംസ്‌കാരിക മന്ത്രി പറയുന്നത് രഞ്ജിത്ത് പ്രഗത്ഭൻ ആണ് എന്നാണ്.
അദ്ദേഹം ഒരു സംവിധായകൻ മാത്രമല്ല രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയാണ്. അദ്ദേഹമാണ് നടിയെ ഇവിടെയെത്തിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയും ശരീരഭാഗങ്ങളിൽ തൊടുകയും ചെയ്തത്. പിറ്റേന്ന് സിനിമയിൽ അഭിനയിക്കാതെ അവർ തിരികെ പോയി. എന്നിട്ടാണ് മന്ത്രി പറയുന്നത് അവർ പരാതി നൽകട്ടെ എന്ന്. ഇത് കേൾക്കുമ്പോൾ ലജ്ജയാണ് തോന്നുന്നത് എന്നും ഷഹനാസ് പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെപോലുള്ള മഹാരഥന്മാർ ഇരുന്ന സ്ഥാനത്താണ് രഞ്ജിത്ത് ഇപ്പോൾ ഉള്ളത്. അൽപ്പമെങ്കിലും ബഹുമാനം ഇവരോട് തോന്നുകയാണ് എങ്കിൽ പദവി രാജിവച്ച് ഇറങ്ങി പോകണം എന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
Discussion about this post