മുംബൈ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കർശനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സുരക്ഷയ്ക്കായി പഴയ നിയമങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ശിക്ഷ നൽകുന്ന പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും മോദി അറിയിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവിൽ ‘ലക്ഷപതി ദീദി’കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിവർഷം ഒരു ലക്ഷം രൂപ സമ്പാദിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങളായ ‘ലക്ഷപതി ദീദി’കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ടേമിൽ ഈ നേട്ടം കൈവരിച്ച 11 ലക്ഷം പുതിയ ‘ലക്ഷപതി ദീദി’കളെ അദ്ദേഹം ആദരിച്ചു.
രാജ്യത്തെ ലക്ഷപതി ദീദികളുടെ എണ്ണം മൂന്നു കോടിയിൽ കൂടുതൽ ആക്കാനാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പരിപാടിയിൽ അദ്ദേഹം 5,000 കോടി രൂപയുടെ ബാങ്ക് വായ്പകൾ വിതരണം ചെയ്തു. ഇത് 2.35 ലക്ഷം സ്വയം സഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ്.
Discussion about this post