കൊച്ചി; കേരളത്തിലെ അഭിമാനതാരമായ ഒളിമ്പ്യൻ ശ്രീജേഷിനോടുള്ള ആരാധനയിൽ ഹോക്കിയുടെ ച്രചാരണാർത്ഥം വ്യത്യസ്ത ഓഫറുമായി ബാർബർ തൊഴിലാളിയായ ശ്രീരാജ്. കായികതാരം കൂടിയായ ഇദ്ദേഹം വെങ്ങോല സ്വദേശിയാണ്. പെരുമ്പാവൂർ അല്ലപ്രയിൽ അരോമ ജെന്റ്സ് ബ്യൂട്ടി പാർലറിൽ ശ്രീജേഷെന്ന പേരുള്ളവർ എത്തിയാൽ ഫ്രീയായി മുടിവെട്ടാം.
പാരിസ് ഒളിമ്പിക്സിലൂടെ ഹോക്കിയിൽ രണ്ടാം തവണയും വെങ്കലം നേടിയ ശ്രീജേഷിനോടുള്ള സ്‌നേഹസൂചകമായി 28 മുതൽ സെപ്തംബർ 12 വരെയാണ് ശ്രീരാജിന്റെ സൗജന്യ മുടിവെട്ടൽ. കേരളത്തിൽ ഹോക്കിയുടെ പ്രചരണത്തിനായി ജനശ്രദ്ധ ആകർഷിക്കുകയാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം. കേരളത്തിലെവിടെയുമുള്ള ശ്രീജേഷ് എന്നു പേരുള്ളവർക്ക് ശ്രീരാജിന്റെ അരോമ ജെന്റ്സ് ബ്യൂട്ടി പാർലറിലേയ്ക്ക് കടന്നുവരാമെന്ന് ശ്രീരാജ് പറയുന്നു.
അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച വേളയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പതിനാറാം നമ്പർ ജേഴ്സി തന്റെ സ്വന്തമാക്കി മാറ്റിയ കായിക പ്രതിഭയോടുള്ള സ്നേഹമറിയിച്ച് 16 ദിവസങ്ങളിലാണ് ഓഫർ. സ്ഥാപനം പ്രവർത്തിക്കുന്ന രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയത്ത് പാർലറിലെത്താം. വരുന്നവർ പേരു തെളിയിക്കുന്ന ഏതെങ്കിലും ഒരു ഔദ്യോഗിക രേഖ കരുതണം. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ശ്രീജേഷിന് വെങ്കലമെഡൽ ലഭിച്ച വേളയിലും ശ്രീജേഷുമാർക്കായി സൗജന്യമായി മുടിവെട്ടി നൽകിയിരുന്നു.ദേശീയ, അന്തർദ്ദേശീയ, വെറ്ററൻ അത്ലറ്റിക് മീറ്റുകളിലൂടെ കേരളത്തിനുവേണ്ടി മെഡൽ ശ്രീരാജ് മെഡൽ നേടിയിട്ടുണ്ട്.
Discussion about this post