ന്യൂഡൽഹി: തങ്ങളുടെ വ്യോമപാതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ചതിൽ നന്ദി പറഞ്ഞില്ലെന്ന് പാകിസ്താൻ. മാദ്ധ്യമങ്ങളാണ് ഇന്ത്യ നന്ദി പറഞ്ഞില്ലെന്ന പരാതിയും പരിഭവവും ഉയർത്തിയത്. അതേസമയം ഇതിനെ പരിഹസിച്ച് ഇന്ത്യക്കാർ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പോളണ്ടിൽ നിന്നും മടങ്ങുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയ്ക്ക് പാകിസ്താന്റെ വ്യോമപാതയിലൂടെ സഞ്ചരിക്കേണ്ടി വന്നത്. 46 മിനിറ്റ് നേരമായിരുന്നു അദ്ദേഹം വ്യോമപാതയിലൂടെ വിമാനത്തിൽ സഞ്ചരിച്ചത്. എന്നാൽ ഇത്രയും നേരം തങ്ങളുടെ രാജ്യത്ത് കൂടി സഞ്ചരിച്ച മോദി ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലെന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങളുടെ പരിഭവം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മറ്റ് രാജ്യങ്ങളുടേത് എന്ന പോലെ സാധാരണ നിലയിൽ ആകണം എന്നും പാക് മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പാകിസ്താൻ വ്യോമയാന വകുപ്പ് ഇന്ത്യ നന്ദി പറയണം എന്ന് നിർബന്ധം ഇല്ലെന്ന് വ്യക്തമാക്കുന്നു. ചിത്രാലിൽ നിന്നും ആണ് പാകിസ്താനിലേക്ക് മോദിയുടെ വിമാനം കടന്നത്. ഇസ്ലാമാബാദ്, ലാഹോർ എന്നീ മേഖലകൾ താണ്ടി വിമാനം അമൃത്സറിൽ എത്തിയെന്നും വകുപ്പ് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തിന് ബ്ലാങ്കർ പെർമിഷൻ ഉണ്ടെന്നും അതിനാൽ പാകിസ്താൻ വ്യോമപാത മാത്രമല്ല എല്ലാ രാജ്യങ്ങളുടെ വ്യോമപാതയിലൂടെയും സഞ്ചരിക്കാൻ അനുവാദം ഉണ്ടെന്നും ഇന്ത്യക്കാർ പറയുന്നു. ഇതിന് പാകിസ്താനോട് പ്രത്യേകമായി നന്ദി പറയേണ്ട ആവശ്യം ഇല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
Discussion about this post