ബ്രസീലിയ: ആഗോളതലത്തിൽ പഞ്ചസാരയ്ക്ക് വില വർദ്ധിക്കാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. ബ്രസീലിൽ തുടർച്ചയായി ഉണ്ടാകുന്ന അഗ്നിബാധയാണ് പഞ്ചാസാര വ്യാപര രംഗത്തിന് തിരിച്ചടിയായിരിക്കുന്നത്. അഗ്നിബാധയിൽ രാജ്യത്തെ കരിമ്പിൻ പാടങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ട്. ലോകത്തിലെ മുൻനിര പഞ്ചസാര കയറ്റുമതി രാജ്യമാണ് ബ്രസീൽ.
മാസങ്ങൾക്കിടെ നിരവധി തവണയാണ് രാജ്യത്ത് അഗ്നിബാധ ഉണ്ടായിട്ടുള്ളത്. ഉഷ്ണതരംഗവും അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞതുമാണ് ഇതിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായി ഉണ്ടായ അഗ്നിബാധയിൽ ഹെക്ടർ കണക്കിന് കരിമ്പിൻ കൃഷിയാണ് നശിച്ചിട്ടുളളത്.
കരിമ്പിൻ കൃഷിയുടെ പ്രധാന കേന്ദ്രമായ സാവോ പോളോയിൽ മാത്രം 60,000 ഹെക്ടർ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മാത്രം രണ്ടായിരം തവണയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ തീപിടിത്തത്തിന് നേരിയ ശമനം ഉണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വരും വർഷങ്ങളിൽ സമാന സാഹചര്യം രാജ്യത്ത് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.
കരിമ്പിൻ കൃഷി വ്യാപകമായി നശിച്ചതിനാൽ ബ്രസീലിൽ നിന്നുള്ള പഞ്ചസാരയുടെ വരവ് കുറയും. ഇത് ആഗോള വിപണിയിൽ പഞ്ചസാരയ്ക്ക് ക്ഷാമം നേരിടാൻ ഇടയാക്കും. ഇതാണ് വിലവർദ്ധനവിന് കാരണം ആകുക.
Discussion about this post