പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ചുരുക്കം പേർ മാത്രമായിരിക്കും. വ്യത്യസ്ത മണത്തിലുള്ള ഫെർഫ്യൂമുകൾ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ചിലർ ആവട്ടേ ഇടയ്ക്കിടെ വെറുതെ പെർഫ്യൂം അടിക്കുന്നവരുണ്ടാകും. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം ചർമ്മത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.
നമ്മളിൽ ചിലരെങ്കിലും കഴുത്തിൽ സ്‌പ്രേ ചെയ്യുന്നവരായിരിക്കും. കഴുത്തിൽ പെർഫ്യൂം സ്‌പ്രേ ചെയ്യുന്നത് സ്ഥിരമായാൽ അത് പിഗ്മെന്ററി മാറ്റങ്ങൾക്കു കാരണമാകും. ഫോട്ടോസെൻസിറ്റീവായ ചില രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം. ഇവ ചർമ്മത്തിൽ പുരട്ടിയതിനു ശേഷം സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഫൈറ്റോഡെർമറ്റൈറ്റിസിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ചില പെർഫ്യൂമിൽ സുഗന്ധത്തിനു വേണ്ടി ചേർക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്ന ആളിന്റെ രോഗപ്രതിരോധ സംവിധാനത്തെ സംവേദനക്ഷമമാക്കും. ഇത് ചർമ്മത്തിൽ ചുവപ്പ്, തടിപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ അലർജി ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ബ്രൗൺ മുതൽ കറുപ്പ് നിറത്തിലുള്ള പാടുകൾ വരെ ഇത്തരത്തിൽ സൗന്ദര്യവർധക വസ്തുക്കളും പെർഫ്യൂമുകളും ഉണ്ടാക്കിയേക്കാം. ആൽക്കഹോൾ, സുഗന്ധത്തിനു വേണ്ടി ചേർക്കുന്ന സിന്തറ്റിക് ഘടകങ്ങൾ, എന്നിവ ചർമ്മത്തെ പ്രകോപിപ്പിക്കുന്ന അലർജിക്കു കാരണമാകും.
പെർഫ്യൂമുകൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
പെർഫ്യൂമുകൾ ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം വസ്ത്രങ്ങൾക്കു മുകളിൽ ഉപയോഗിക്കുക. അതുപോലെ തന്നെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുമുള്ള സംരക്ഷണത്തിന് സൺസ്‌ക്രീൻ ചർമ്മത്തിൽ പുരട്ടി അധിക സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ അലർജിരഹിത, സുഗന്ധരഹിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിനു മുമ്പ് ചെയ്യുന്നതു പോലെ തന്നെ ഇത്തരം സാഹചര്യങ്ങളിലും പാച്ച് ടെസ്റ്റ് ചെയ്തു നോക്കുന്നത് അലർജി സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു സഹായിക്കും.
Discussion about this post