ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപിയുമായി സഖ്യത്തിന് താല്പര്യമെന്ന് അറിയിച്ച് രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി). വരാനിരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ ചേരാനാണ് ആർഎൽഡിയുടെ തീരുമാനം. ആർഎൽഡി മേധാവി ജയന്ത് ചൗധരി ആണ് തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്.
ഹരിയാന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കാനാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഹരിയാന ലോക്ഹിത് പാർട്ടി, ഹരിയാന ജൻ ചേതനാ പാർട്ടി എന്നിവർ ബിജെപിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതോടൊപ്പം ആണ് ഇപ്പോൾ ആർഎൽഡിയും ബിജെപി സഖ്യത്തിൽ ഒപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആർഎൽഡി രണ്ട് മുതൽ നാലു വരെ സീറ്റുകളിൽ മത്സരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഖ്യത്തിലെ മറ്റു പാർട്ടികൾക്കും ഇതേ രീതിയിൽ തന്നെയായിരിക്കും സീറ്റ് വിഭജനം ഉണ്ടാവുക. അതേസമയം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർത്ഥികളെക്കുറിച്ച് തീരുമാനിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ യോഗം ചേരുന്നതായിരിക്കും.
Discussion about this post