ഹൈദരാബാദ് : ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാട്ട് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇന്ത്യൻ നാവികസേന കമ്മീഷനിംഗ് ചടങ്ങുകൾ നടത്തിയത്. 2009ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഹന്ത് ആണ് ഇന്ത്യയുടെ ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനി.
ഇന്ത്യയുടെ ആണവ ത്രയത്തെ ശക്തിപ്പെടുത്തുന്നതിലും ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും മേഖലയിൽ തന്ത്രപരമായ സന്തുലിതാവസ്ഥയും സമാധാനവും സ്ഥാപിക്കാൻ സഹായിക്കുന്നതിലും ഐഎൻഎസ് അരിഘാട്ട് മികച്ച പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി ചടങ്ങിൽ വ്യക്തമാക്കി. പ്രതിരോധത്തിൽ ആത്മനിർഭരത കൈവരിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ ദൃഢനിശ്ചയത്തിൻ്റെ ഫലമാണ് തദ്ദേശീയമായി നിർമ്മിക്കപ്പെട്ട രണ്ട് ആണവ മിസൈൽ അന്തർവാഹിനികൾ എന്നും രാജനാഥ് സിംഗ് അഭിപ്രായപ്പെട്ടു.
ഐഎൻഎസ് അരിഹന്തിനെ അപേക്ഷിച്ച് നൂതന രൂപകല്പനകളും നിർമ്മാണ സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഐഎൻഎസ് അരിഘാട്ട് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ആണവശക്തിയുള്ള ബാലിസ്റ്റിക് അന്തർവാഹിനികൾക്ക് അരിഹന്ത് ക്ലാസ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’ എന്നർത്ഥമുള്ള സംസ്‌കൃത പദമാണ് അരിഹന്ത്. അരിഹന്ത് ക്ലാസിലെ രണ്ടാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് അരിഘാട്ട്. വൈകാതെ തന്നെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനിയും ഇന്ത്യ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന സൂചന.
Discussion about this post