വയനാട്: തീരാ നഷ്ടമാണ് മുണ്ടക്കെ- ചൂരൽമല ദുരന്തം ഒരു നാടിന് സമ്മാനിച്ചത്. ഒരു ഗ്രാമം മുഴുവൻ തുടച്ച് നീക്കപ്പെട്ട വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. നിരവധി പേരാണ് വയനാട്ടിലെ ജനതയ്ക്ക് സഹായ ഹസ്തവുമായി എത്തിയത്. എന്നാൽ, വയനാടിനെ കുറിച്ചുള്ള വാർത്തകളെല്ലാം പതിയെ ഇല്ലാതായിത്തുടങ്ങിയതോടെ ഓർക്കേണ്ടവർ പോലും വയനാടിനെ മറന്നു തുടങ്ങി.
ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴും അടിയന്തര ധനസഹായം പോലും ഇതുവരെയും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയും ഉയർന്നിട്ടുണ്ട്. പ്രായമായവരുൾപ്പെടെ വീടുകളിൽ ഉള്ളതിനാൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് ബന്ധുവീട്ടിലേയ്ക്ക് മാറിയവരാണ് പരാതിയുമായി എത്തിയിക്കുന്നത്.
ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് 10,000 രൂപയാണ് സർക്കാർ അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് പുറമേ ജീവനോപാധി നഷ്ടമായ കുടുംബത്തിലെ 18 വയസ് പൂർത്തിയായ രണ്ട് പേർക്ക് പ്രിദിനം 300 രൂപയും നൽകുന്നുണ്ട്. എന്നാൽ, ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് വീടുകളിലേയ്ക്ക് മടങ്ങിയവർക്ക് ഇതുവരെയും അടിയന്തര സഹായം പോലും നൽകിയിട്ടില്ല. അർഹരായ നിരവധി പേർ ഇപ്പോഴും സർക്കാർ സഹായം ലഭിക്കാതെ, ദുരിതത്തിലാണ്.
2018 ലെ പ്രളയമുൾപ്പെടെ ചെറുതും വലുതുമായി നിരവധി പ്രകൃതി ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇൗ ദുരന്തങ്ങളിലെ അതിജീവിതർക്ക് പൂർണമായുള്ള പുനരധിവാസം ഇതുവരെയും ഉണ്ടായിട്ടില്ല. അഞ്ച് വർഷം മുമ്പ് പുത്തുമലയിലെ ദുരന്തത്തിൽ പെട്ടവരുടെ അതിജീവനം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന് പകരം, കണ്ണീരൊഴുക്കിയും നന്മയും വേദനയും പങ്കുവച്ചും വൈകാരികത സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. ഇതൊന്നും ഒരു പ്രകൃതി ദുരന്തവും ഇല്ലാതാക്കുന്നില്ല.
Discussion about this post