നിസാമാബാദ്: കല്യാണത്തിന് വിളമ്പിയ മട്ടൻ കറിയിൽ കഷ്ണം കുറഞ്ഞതിന്റെ പേരിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ പൊരിഞ്ഞയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
നവിപേട്ട് സ്വദേശിനിയിയുടെയും നന്ദിപേട്ടിൽ നിന്നുള്ള യുവാവിന്റെ വിവാഹച്ചടങ്ങാണ് അലങ്കോലമായത്. വിവാഹം കഴിഞ്ഞുള്ള സൽക്കാരത്തിനിടെ ഭക്ഷണം വിളമ്പുമ്പോൾ വിവാഹത്തിന് വരന്റെ ഭാഗത്ത് നിന്നും എത്തിയ ചില യുവാക്കൾ മട്ടൻ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതി പറഞ്ഞു. ഇത് ഭക്ഷണം വിളമ്പുന്നവരുമായി തർക്കത്തിന് കാരണമായി. സംഘർഷം രൂക്ഷമായതോടെ, വധുവിന്റെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നു. ഇതോടെയാണ് തർക്കം കയ്യേറ്റത്തിൽ കലാശിച്ചതും ഇരു ചേരിയായി തിരിഞ്ഞ് കൂട്ടത്തല്ലായതും.
പാത്രങ്ങളും കസേരകളും ഉൾപ്പെടെ വിവാഹപന്തലിൽ ഉണ്ടായിരുന്ന സാധനങ്ങൾ എടുത്ത് എറിഞ്ഞായിരുന്നു വഴക്ക്. ഒടുവിൽ പോലീസ് എത്തി ഇരു കൂട്ടരെയും നിയന്ത്രിക്കുകയായിരുന്നു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഒരു സ്ത്രീയടക്കം പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post