കടുത്ത പട്ടിണിയും വരൾച്ചയും മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായതോടെ കടുത്ത തീരുമാനമെടുത്ത് നമീബിയ. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വന്യജീവികളെ കൊല്ലാനുള്ള തീരുമാനമാണ് രാജ്യം ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്. സ്വാഭാവിക ജലസ്രോതസുകൾക്ക് ഹനികരമായ രീതിയിൽ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വന്യമൃഗങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നത്.83 ആനകൾ, 60 കാട്ടുപോത്തുകൾ, 30 ഹിപ്പൊപ്പൊട്ടാമസുകൾ എന്നിവയുൾപ്പടെ 723 വന്യജീവികളെ കൊന്ന് മാംസം വരൾച്ചാമേഖലയിൽ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ടുകൾ
30 ഹിപ്പോകളെയും 60 എരുമകളെയും കൂടാതെ 50 ഇംപാല, 100 നീല കാട്ടുപോത്ത്, 300 സീബ്ര, 100 എലാൻഡ് എന്നിവയെ കൊല്ലാനും രാജ്യം പദ്ധതിയിടുന്നു. 187 മൃഗങ്ങളെ പ്രൊഫഷണൽ വേട്ടക്കാരും സർക്കാർ കരാറിലേർപ്പെട്ട കമ്പനികളും ഇതിനകം വേട്ടയാടിക്കഴിഞ്ഞു. 56,800 കിലോഗ്രാമിൽ കൂടുതൽ മാംസമാണ് ഇത്തരത്തിൽ വന്യമൃഗ വേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്. നമീബിയയിൽ ഭക്ഷ്യശേഖരത്തിൻറെ 84 ശതമാനവും കഴിഞ്ഞ മാസം തീർന്നതായി റിപ്പോർട്ടുകൾ പറയുന്നു. നമീബിയയിലെ ജനസംഖ്യയുടെ പകുതിയോളം (1.4 ദശലക്ഷം പേർ) വരും മാസങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്രയും രൂക്ഷമായ വരൾച്ചയെ നേരിടുമ്പോൾ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനാലാണ് ഇത്തരമൊരു നടപടിയെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
നമീബിയൻ പൗരന്മാരുടെ ഉന്നമനത്തിനായി സ്വന്തം പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കാൻ ഭരണഘനാപരമായി അനുമതിയുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നീക്കമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
Discussion about this post