മുംബൈ : മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വൻ തിരിച്ചടി. ഡെഗ്ലൂർ എംഎൽഎ ജിതേഷ് അന്തപുർകർ ബിജെപിയിൽ ചേർന്നു. തന്റെ നിരവധി അനുയായികൾക്കൊപ്പം ആണ് ഡെഗ്ലൂർ എംഎൽഎ ബിജെപി അംഗത്വം സ്വീകരിച്ചത്.
മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ് , ചന്ദ്രശേഖർ ബവൻകുലെ, അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജിതേഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയ്ദ് എംഎൽഎമാരായ ജിതേഷ് അന്തപുർക്കർ, സീഷൻ സിദ്ദിഖ് എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്നുണ്ടായ ഉൾപാർട്ടി തർക്കത്തെ തുടർന്നായിരുന്നു രണ്ട് എംഎൽഎമാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രമാണ് ഇനിയുള്ളത്. ഇതിനിടെ തന്നെ ഭരണകക്ഷിയായ എൻഡിഎ സഖ്യവും പ്രതിപക്ഷത്തിൻ്റെ മഹാ വികാസ് അഘാഡിയും തമ്മിൽ കനത്ത പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ മഹാ വികാസ് അഘാഡി സംഘർഷഭരിതമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post