ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. കേടായ ഹെലികോപ്റ്റർ റിക്കവറി കോപ്റ്ററിൽ കൊണ്ടുപോകുന്നതിനിടെ തെന്നി വീണാണ് അപകടമുണ്ടായത്. എംഐ-17 കോപ്റ്ററിൽ നിന്നുമാണ് ഹെലികോപ്റ്റർ താഴേക്ക് പതിച്ച് തകർന്നത്.
സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേദാർനാഥിലെ തരു ക്യാമ്പിന് സമീപത്തുള്ള നദിയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോവുകയായിരുന്നു ഹെലികോപ്റ്റർ. എംഐ-17 കോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്യുന്നതിനിടയിൽ കമ്പികൾ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ മെയ് 24നായിരുന്നു സാങ്കേതിക തകരാർ മൂലം ഈ ഹെലികോപ്റ്ററിന് കേദാർനാഥിന് സമീപം അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നിരുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ അറ്റകുറ്റപ്പണികൾ നടത്താനായി ഈ ഹെലികോപ്റ്ററിനെ ഗൗച്ചർ എയർ സ്ട്രിപ്പിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. ക്രിസ്റ്റൽ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ ആണ് തകർന്നത്.
Discussion about this post