ചെന്നൈ: സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാൽ മലയാള സിനിമയിൽ തനിക്കും ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രതികാരമെന്നോണം തന്നെ കൊണ്ട് നിരവധി തവണ ഒരു രംഗം റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. പ്രായമുള്ള സ്ത്രീകളോട് പോലും മലയാള സിനിമയിൽ അണിയറ പ്രവർത്തകർ മോശമായി പെരുമാറാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു നടിയുടെ പ്രതികരണം.
ഒരു സംവിധായകന്റെ താത്പര്യത്തിന്റെ വഴങ്ങി കൊടുക്കാത്തതിനാൽ തന്നെ മാനസികമായി ഉപദ്രവിച്ചിരുന്നു. ഒരു രംഗം ശരിയായില്ലെന്ന് പറഞ്ഞ് 19 തവണ റീടേക്ക് എടുക്കേണ്ട സാഹചര്യം ആണ് ഉണ്ടായത്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. എന്നാൽ ചുട്ടമറുപടി നൽകി. ഇതോടെ തനിക്ക് ഒരു മലയാള സിനിമ നഷ്ടമായി എന്നും നടി വ്യക്തമാക്കി.
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലും തനിക്ക് മോശം അനുഭവം ഉണ്ടായി. അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളിൽ ബഹുമാനം ലഭിക്കും. എന്നാൽ മലയാള സിനിമയിൽ പ്രായമുള്ളവരോട് പോലും മോശമായി പെരുമാറും. മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നതിൽ ദു:ഖം ഉണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
Discussion about this post