ബാങ്കോക്ക്: തിലോപ്പിയ മത്സ്യത്തെക്കൊണ്ട് പൊറുതിമുട്ടി തായ്‌ലന്റ്. ബ്ലാക്ചിൻ എന്ന ഇനത്തിൽപ്പെട്ട തിലോപ്പിയ മത്സ്യമാണ് രാജ്യത്തിനും ജനങ്ങൾക്കും തലവേദനയായിരിക്കുന്നത്. ഇതോടെ ഇവയെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ജനങ്ങളും ഭരണകൂടവും. ഇതിനോടകം തന്നെ 17 പ്രവിശ്യകളാണ് ഈ ഇനം മീനുകളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
രാജ്യത്തിന്റെ കാർഷിക മേഖയ്ക്കാണ് ഈ മീനുകൾ വെല്ലുവിളി ഉയർത്തുന്നത്. ബ്ലാക്ചിൻ തിലോപ്പിയ ഇനിയും നില നിന്നാൽ വൻ സാമ്പത്തിക നഷ്ടം ആയിരിക്കും രാജ്യം നേരിടുക. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ബ്ലാക്ചിൻ തിലോപ്പിയ മീനുകളെ നശിപ്പിക്കുന്നത്.
ചെറുമത്സ്യങ്ങൾ, ഒച്ച്, ചെമ്മീൻ എന്നിവ തായ്‌ലന്റിന്റെ പ്രധാന കാർഷിക ഉത്പന്നങ്ങളാണ്. ഇവയാണ് ബ്ലാക്ചിൻ തിലോപ്പിയയുടെ പ്രധാന ഭക്ഷണവും. നദികളിലൂടെ കൃഷിയിടങ്ങളിൽ എത്തുന്ന തിലോപ്പിയകൾ വ്യാപകമായി ഇവയെ ഭക്ഷിക്കുന്നു. അതിനാൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഈ ഉത്പന്നങ്ങളുടെ കയറ്റുമതിയെ വരെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ മത്സ്യകൃഷി മേഖല തന്നെ പ്രതിസന്ധിയിലാണ്. മീനുകൾ ഇനിയും രാജ്യത്ത് തുടർന്നാൽ ഭാവിയിൽ രാജ്യത്തിന് കുറഞ്ഞത് 10 ബില്യൺ ബാറ്റിനെ നഷ്ടമാകും സംഭവിക്കുക എന്നാണ് വിലയിരുത്തൽ.
ബ്ലാക്ചിപ് തിലോപ്പിയയെ ഇല്ലാതാക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് രാജ്യം അനുവർത്തിക്കുന്നത്. ആളുകൾക്ക് മീനുകളെ പിടികൂടാൻ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ട്. പിടികൂടുന്ന മീനുകൾക്ക് കിലോയ്ക്ക് 15 ബാറ്റ് എന്ന നിരക്കിലാണ് സർക്കാർ പണം നൽകുന്നത്. ഇതിന് പുറമേ മീനുകളെ വേട്ടയാടാൻ ഏഷ്യസ് സീബാസ്, വിസ്‌കേർഡ് ക്യാറ്റ്ഫിഷ് എന്നിവയെ ജലശ്രോതസുകളിൽ കൊണ്ടിട്ടുണ്ട്.
പതിറ്റാണ്ടുകൾ മുൻപും സമാനമായ സാഹചര്യം രാജ്യം നേരിട്ടിരുന്നു. എന്നാൽ ഈ മീനുകളെ ഫലപ്രദമായി തുരത്താൻ അന്ന് കഴിഞ്ഞിരുന്നു. പക്ഷെ ഇവയുടെ ജനിതക മാറ്റം സംഭവിച്ച മീനുകളാണ് ഇപ്പോൾ കാണപ്പെടുന്നത്. പെൺ മത്സ്യം ഒറ്റയടിയ്ക്ക് 500 മുട്ടകളാണ് ഇടുക. ഇതും ബ്ലാക്ചിൻ തിലോപിയെ പൂർണമായി ഇല്ലാതാക്കാനുള്ള തടസ്സങ്ങളിൽ ഒന്നാണ്.
Discussion about this post