തിരുവനന്തപുരം: സിനിമാ രംഗത്ത് പവർഗ്രൂപ്പ് ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയനന്ദനൻ. തന്റെ സിനിമ ഈ പവർഗ്രൂപ്പ് കാരണം തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ പവർഗ്രൂപ്പ് ഇല്ലെന്ന നടൻ മമ്മൂട്ടിയുടെ പ്രതികരണത്തിന് പിന്നാലെ സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.
സിനിമയിലെ പവർ ഗ്രൂപ്പ് ഉണ്ട്. അത് സത്യമായ കാര്യമാണ്. താൻ ഈ പവർഗ്രൂപ്പിന്റെ രക്തസാക്ഷിയാണ്. കാരണം പവർഗ്രൂപ്പിന്റെ ഇടപെടലിനെ തുടർന്ന് താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൂട്ടിംഗ് മുടങ്ങി.
അത് മന്ദാര പൂവല്ല എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് പവർഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടായത്. പൃഥ്വിരാജും കാവ്യമാധവനും ആയിരുന്നു ഇതിലെ അഭിനേതാക്കൾ. ആറ് ദിവസം സിനിമയുടെ ചിത്രീകരണം തുടർന്നു. എന്നാൽ ഇതിനിടെ വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജിനെ വിലക്ക് വന്നു. ഇതോടെ തന്റെ ചിത്രം മുടങ്ങിയെന്നും പ്രിയനന്ദനൻ പറഞ്ഞു.
ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതുകൊണ്ട് ആളുകൾക്ക് ആത്മബലം കിട്ടി. അന്യായങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റു മേഖലകളിലും നടക്കുന്നുണ്ട് എന്ന താരതമ്യം ഇപ്പോൾ വേണ്ട. അതിന് പ്രസക്തിയില്ല. കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമ പ്രവർത്തകർ ഉറപ്പുവരുത്തണമെന്നും സംവിധായകൻ വ്യക്തമാക്കി.
Discussion about this post