അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും വിചിത്രമായ ശബ്ദം പുറത്ത് വന്നതായി റിപ്പോർട്ട്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രശ്‌നബാധിതമായ ക്യാപ്‌സൂൾ അൺഡോക്ക് ചെയ്ത് ബഹിരാകാശ സഞ്ചാരികളെ കൂടാതെ, ഭൂമിയിലേയ്ക്ക് തിരിച്ചയക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇപ്പോൾ ആശങ്ക ഉയർത്തി പേടകത്തിൽ നിന്നും ശബ്ദം പുറത്ത് വന്നത്. ഈ മാസം 6ന് ആയിരുന്നു ക്യാപ്‌സൂൾ ഭൂമിയിലേയ്ക്ക് തിരിച്ചയക്കേണ്ടിയിരുന്നത്. വിചിത്രശബ്ദം പുറത്ത് വന്നത് അറിയിക്കാൻ ബുച്ച് വിൽമോർ ഹൂസ്റ്റണിലെ നാസയുടെ മിഷൻ കൺട്രോളുമായി ബന്ധപ്പെട്ടതായാണ് വിവരം.
ശബ്ദം പുറത്ത് വരുന്നതിന്റെ വീഡിയോ ബുച്ച് വിൽമോർ എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അന്തർവാഹിനി സോണാറിന്റേത് പോലുള്ള ശബ്ദമാണ് വരുന്നതെന്ന് ബുച്ച് വിൽമോർ വീഡിയോയിൽ പറയുന്നു. പുറത്തേക്ക് വരുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. സംഭവം ബഹിരാകാശ പേടകത്തിലുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്.











