ടോക്യോ: ഒരു വീട് വയ്ക്കുക എന്നത് ഏതൊരാളുടെയും സ്വപ്‌നം ആയിരിക്കും. ഉറുമ്പ് അരിമണി സ്വരുക്കൂട്ടുന്നത് പോലെ പണം എടുത്തുവച്ചാണ് വീടെന്ന സ്വപ്‌നം നാം സാക്ഷാത്കരിക്കാറ്. അപ്പോഴേയ്ക്കും നമ്മുടെ ആയുസിന്റെ മുക്കാലും തീർന്നിരിക്കും എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. എന്നാൽ ജപ്പാനിൽ 34 കാരിയായ യുവതി മൂന്ന് വീടുകളാണ് ഇക്കാലത്തിനിടെ സ്വന്തമാക്കിയിരിക്കുന്നത്. എങ്ങിനെയെന്നല്ലേ?. പിശുക്കി ജീവിച്ചാണ് യുവതി തന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും ചിലവുകുറച്ച് ജീവിക്കുന്ന ആളെന്ന് അറിയപ്പെടുന്ന സാക്കി ടമോഗാമിയാണ് ചെറുപ്പത്തിൽ തന്നെ മൂന്ന് വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ഈ ചിലവ് ചുരുക്കിയുള്ള ജീവിതം മൂന്ന് വീടുകൾ മാത്രമല്ല ഒരു ക്യാറ്റ് കഫെയും സാക്കി ടമോഗാമിയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.
35 വയസ്സിനുള്ളിൽ മൂന്ന് വീടുകൾ സ്വന്തമാക്കുക എന്നതായിരുന്നു ഈ യുവതിയുടെ ആഗ്രഹം. 19 ാം വയസ്സിലായിരുന്നു ഈ ആഗ്രഹം സാക്കിയിൽ മുളപൊട്ടിയത്. ഇതോടെ വളരെ ആസൂത്രണത്തോടെ മുന്നോട്ട് നീങ്ങി. 27 ാം വയസിൽ ആയിരുന്നു യുവതി ആദ്യ വീട് സ്വന്തമാക്കിയത്. രണ്ട് വർഷത്തിന് ശേഷം മറ്റൊരു വീട് കൂടി സ്വന്തമാക്കി. 2019 ൽ ആയിരുന്നു മൂന്നാമത്തെ വീട് സാക്കി വാങ്ങിയത്.
ലോൺ എടുത്തായിരുന്നു ആദ്യ വീട് സാക്കി വാങ്ങിയത്. എന്നാൽ ഈ കടം വർഷങ്ങൾ കൊണ്ട് തീർത്തു. ബാക്കി രണ്ട് വീടുകളും സ്വന്തം സമ്പാദ്യം ഉപയോഗിച്ചായിരുന്നു വാങ്ങിയത്. പ്രോപ്പർട്ടി ഏജൻസിയിലെ ജീവനക്കാരിയാണ് സാക്കി. ചിലവ് ചുരുക്കി ജീവിക്കുന്നതിനൊപ്പം ശമ്പളത്തിന്റെ നല്ലൊരു ഭാഗവും ഈ യുവതി മിച്ചം പിടിയ്ക്കുന്നുണ്ട്.
Discussion about this post