കലയും കലാകാരന്മാരെയും ഇഷ്ടപ്പെടാത്തവരായി വളരെ ചുരുക്കം പേരെ ഉണ്ടാവൂ. കല അത്രത്തോളം നമ്മുടെ ജീവിതത്തോട് ബന്ധമുള്ളത് തന്നെ കാരണം. കലാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന നിരവധി ആർട്ട് ഗ്യാലറികളും മ്യൂസിയങ്ങളും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ ഇപ്പോൾ സോഷ്യൽമീഡിയ ആകെ ചർച്ച ചെയ്യുന്ന ഈ മ്യൂസിയം വ്യത്യസ്തമായ കലാപ്രദർശനമാണ് ആസൂത്രണം ചെയ്യുന്നത്.
കലയാസ്വദിക്കാൻ ചില പ്രത്യേക നിബന്ധനകൾ പാലിച്ചുവേണം സന്ദർശകരെത്താൻ. കാണാൻ എത്തുന്നയാൾ പൂർണനഗ്നരായി വേണം എത്താൻ. ഫ്രാൻസിലെ ഒരു മ്യൂസിയമാണ് മൂക്കത്ത് വിരൽ വയ്ക്കുന്ന ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കലയെ അതിന്റെ തനത് രീതിയിൽ ആസ്വദിക്കാൻ ഫ്രാൻസിലെ മ്യൂസെം എന്ന മ്യൂസിയമാണ് നഗ്‌നരായി വരാൻ ആവശ്യപ്പെടുന്നത്. മാസത്തിലൊരിക്കലാകും ഇത്തരത്തിലുള്ള പ്രദർശനം.പ്രകൃതിവാദം അഥവാ നാച്ചുറിസം എന്ന രീതി പിന്തുടരുന്ന സംഘടനയാണ് ഈ വ്യത്യസ്ത കലാ പ്രദർശനത്തിന്റെ പിന്നിൽ. പൊതു-സ്വകാര്യ ഇടങ്ങളിൽ നഗ്‌നരായി മനുഷ്യർ ഒത്തുചേരുന്ന രീതിയാണ് പ്രകൃതിവാദം. ഇതുവരെ പ്രദർശനം കാണാനെത്തിയത് 80 പേരാണ്. ഡിസംബർ ഒൻപത് വരെയാണ് പ്രദർശനം നടക്കുക.
മ്യൂസിയത്തിൽ വസ്ത്രം ധരിക്കാതെ വരാമെങ്കിലും പാദരക്ഷ ധരിക്കേണ്ടതുണ്ട്. ഇവിടുത്തെ ഫ്‌ളോറിന് തകരാർ സംഭവിക്കാതിരിക്കാനാണിതെന്നാണ് ഫ്രാൻസിലെ നാച്ചുറിസ്റ്റ് സംഘടനാ നേതാക്കൾ പറയുന്നത്.
Discussion about this post