ആലപ്പുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അമ്മ ആശ മനോജ്, സുഹൃത്ത് രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
ആശ ഒന്നാം പ്രതിയും രതീഷ് രണ്ടാം പ്രതിയുമാണ്. ഇരുവരെയും വൈദ്യപരിശോധന പൂർത്തിയാകും. ഇതിന് പിന്നാലെയാകും കോടതിയിലേക്ക് കൊണ്ടുപോകുക. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് രതീഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നത് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും. രതീഷ് ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കേസിൽ ആശയെയും മനോജിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിപ്പുറം സ്വദേശിനിയായ ആശ കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പ്രസവിച്ചത്. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ആശയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാൻ വീട്ടിൽ എത്തിയ ആശാ വർക്കറെ യുവതി ഇറക്കിവിടുകയായിരുന്നു. സംശയം തോന്നിയ ആശാ വർക്കർ വാർഡ് മെമ്പറെ അറിയിച്ചു. ഇവരാണ് പോലീസിന് വിവരം നൽകിയത്.
ആദ്യം പോലീസ് എത്തി ചോദിച്ചപ്പോൾ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു ആശ ആദ്യം പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.
Discussion about this post