സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വിചിത്ര ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി നാസ. സോണാറിന്റേത് പോലെയുള്ള ശബ്ദമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബഹിരാകാശ പേടകത്തിൽ നിന്നും പുറത്ത് വന്നുകൊണ്ടിരുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോർ ആണ് ഇത് സംബന്ധിച്ചുള്ള വീഡിയോ പുറത്ത് വിട്ടിരുന്നത്.
ഒരു ഓഡിയോ ഫീഡ്ബാക്കിൽ നിന്നുമാണ് ശബ്ദം പുറത്ത് വന്നതെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ നിലയത്തിനും സ്റ്റാർലൈനർ പേടകത്തിനും ഇടയിലുള്ള ഓഡിയോ കോൺഫിഗറേഷൻ പ്രശ്‌നത്തിന്റെ ഫലമായാണ് അസാധാരണമായ ശബ്ദം പുറത്ത് വന്നിരുന്നത്. ഒന്നിലധികം ബഹിരാകാശ വാഹനങ്ങളെയും മൊഡ്യൂളുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിന്റെ സങ്കീർണമായ ഈ സ്വഭാവം കാരണം ഇത്തരം ശബ്ദങ്ങൾ പുറപ്പെടുക എന്നത് സാധാരണമായ സംഭവമാണെന്നും നാസ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും വിചിത്രമായ ശബ്ദം പുറത്ത് വന്നത് വലിയ ാശങ്ക സൃഷ്ടിച്ചിരുന്നു. പ്രശ്‌നബാധിതമായ ക്യാപ്‌സൂൾ അൺഡോക്ക് ചെയ്ത് ബഹിരാകാശ സഞ്ചാരികളെ കൂടാതെ, ഭൂമിയിലേയ്ക്ക് തിരിച്ചയക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ആശങ്ക ഉയർത്തി പേടകത്തിൽ നിന്നും ശബ്ദം പുറത്ത് വന്നത്. ഈ മാസം 6ന് ആയിരുന്നു ക്യാപ്‌സൂൾ ഭൂമിയിലേയ്ക്ക് തിരിച്ചയക്കേണ്ടിയിരുന്നത്.
ശബ്ദം പുറത്ത് വരുന്നതിന്റെ വീഡിയോ ബുച്ച് വിൽമോർ എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു. അന്തർവാഹിനി സോണാറിന്റേത് പോലുള്ള ശബ്ദമാണ് വരുന്നതെന്ന് ബുച്ച് വിൽമോർ വീഡിയോയിൽ പറയുന്നു. പുറത്തേക്ക് വരുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. സംഭവം ബഹിരാകാശ പേടകത്തിലുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Discussion about this post