വെറുതെ നടക്കുമ്പോൾ കുറച്ച് പണം താഴെ വീണ് കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ വെറുതെ മണ്ണ് കുഴിക്കുമ്പോൾ ഒരു നിധി കുംഭം കിട്ടിയിരുന്നെങ്കിൽ എന്ന് തമാശക്ക് എങ്കിലും നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. എന്നാൽ, നിധിവേട്ട ഒരു പാഷനായി കൊണ്ടു നടക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരു നിധിവേട്ടയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. യുവതിക്ക് വജ്രം തന്നെയാണ് കിട്ടിയിരിക്കുകയാണ്. വെറും മോതിരമല്ല, 50 വർഷം പഴക്കമുള്ള വജ്രമോതിരമാണ് യുവതിക്ക് കിട്ടിയത്.
യുവതി പുറത്ത് വിട്ട ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ‘മൈ ഓർഡിനറി ട്രഷേഴ്‌സ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ജാനെ എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. തെക്കൻ ഇംഗ്ലണ്ടിന് സമീപത്തെ നദിയിൽ നിന്നും തപ്പിയെടുത്ത മോതിരമാണ് ഇത്.
ഈ ഇൻസ്റ്റഗ്രാം എകൗണ്ടിൽ ഇത്തരത്തിൽ നദികളിൽ നിന്നും തപ്പിയെടുത്ത നിരവധി വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചുള്ള പോസ്റ്റുകൾ കാണാം. റോമൻ നാണയങ്ങൾ, ലോഹ ആങ്കറുകൾ, ഗ്ലാസുകൊണ്ടുള്ള വസ്തുക്കൾ, പുരാതനമായ വാളുകൾ, എന്നിങ്ങനെ നിരവധി വസ്തുക്കൾ ജാനെ ഇതിനകം കണ്ടെത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പലതരത്തിലുള്ള നിധികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം ആദ്യമായാണ് തനിക്ക് ലഭിക്കുന്നതെന്ന് യുവതി പറയുന്നു. മെറ്റൽ ഡിറ്റക്റ്ററിന്റെ സഹായത്തോടെയാണ് യുവതി വജ്രമോതിരം കണ്ടെത്തുന്നത്. സ്വർണ മോതിരത്തിൽ വജ്രം പതിപ്പിച്ചിട്ടുള്ളതാണ് എന്ന് അവർ പറഞ്ഞു.
1970 കാലഘട്ടത്തിലേതാണ് ഈ മോതിരമെന്ന് ജാനെ വ്യക്തമാക്കുന്നു. താൻ കണ്ടെത്തിയ ആദ്യത്തെ വജ്ര മോതിരമാണ് അത്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ എപ്പോഴെങ്കിലും ആരെങ്കിലും വലിച്ചെറിഞ്ഞതാവാം ഇതെന്ന് ആണ് താൻ കരുതുന്നതെന്നും ജാനെ പറഞ്ഞു.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സങ്കടകരമാണ് ഇത്, ആരുടെയെങ്കിലും പ്രണയത്തിന്റെ ചിഹ്നമായിരുന്നിരിക്കാം അതെന്ന് ഒരാൾ കമന്റിൽ കുറിച്ചു. ഈ മോതിരം ചിലപ്പോൾ ആരുടെയങ്കിലും കയ്യിൽ നിന്നും വഴുതി പോയതാകാം, അല്ലെങ്കിൽ ആരെങ്കിലും മോഷ്ടിച്ചതാകാം എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.













Discussion about this post