എറണാകുളം: ബംഗാളി നടിയുടെ പരാതിയിൽ ഇന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. താൻ നിരപരാധിയാണെന്നും അഭിനയിക്കാൻ അവസരം നൽകാത്തതിന്റെ നീരസമാണ് നടി കാണിക്കുന്നതെന്നുമാണ് രഞ്ജിത്ത് അവകാശപ്പെടുന്നത്.
പാലേരിമാണിക്യം സിനിമയുടെ ചർച്ച നടത്തിയ സ്ഥലത്ത് സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ ഉണ്ടായിരുന്നുവെന്നും, ഈ കാര്യത്തിൽ നടി മൗനം പാലിക്കുകയാണ് ചെയ്യുന്നത് എന്നുമാണ് രഞ്ജിത് അവകാശപ്പെടുന്നത്. ഇതിൽ വഞ്ചന ഉണ്ടെന്നും രഞ്ജിത്ത് ആരോപിക്കുന്നു.
പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോഷ്യേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്ലാറ്റിലുണ്ടായിരുന്നെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രം പാലേരിമാണിക്യത്തിന്റെ സെറ്റിലാണ് ആരോപണ വിധേയമായ സംഭവം നടക്കുന്നത്. അഭിനയിക്കാൻ വിളിച്ചു വരുത്തിയതിന് ശേഷം സിനിമാ ചർച്ചക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നാണ് നടി ഉന്നയിച്ച ആരോപണം.
Discussion about this post