പാരിസ്: സ്വന്തം ഭാര്യയെ അന്യപുരുഷന്മാരെ വിട്ട് പീഡിപ്പിച്ച് ഭർത്താവ്. ഫ്രാൻസിലെ അവിഗ്നോനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഇതുവരെ 70 ലധികം പുരുഷന്മാരാണ് ഇയാളുടെ അനുമതിയോടെ ഭാര്യയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 72 കാരനായ ഭർത്താവ് ഡൊമിനിക് പെലികോട്ട് അറസ്റ്റിലായി ജയിലിലാണ്.
കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട വാദം തുറന്ന കോടതിയിൽ നടന്നിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. നിലവിൽ പ്രതിയുടെ ഭാര്യയ്ക്ക് 70 ഓളം വയസ്സ് പ്രായമുണ്ട്.
50 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ഇലക്ട്രീഷ്യൻ കോഴ്‌സ് പാസായ ഇയാൾ വിവിധ കമ്പനികളിൽ വിവിധ ജോലികൾ ആയിരുന്നു ചെയ്തിരുന്നത്. ഫ്രാൻസിലെ ഇലക്ട്രിസിറ്റി കമ്പനിയിലെ മാനേജർ ആയിരുന്നു ഭാര്യ. പാരിസിൽ ആദ്യം താമസം തുടങ്ങിയ ഇവർ പിന്നീട് മാസനിലേക്ക് മാറുകയായിരുന്നു. 2011 മുതലാണ് ഇയാൾ ഭാര്യയെ പീഡിപ്പിക്കാൻ ആളുകളെ വീട്ടിലേക്ക് കൊണ്ടുവരാൻ ആരംഭിച്ചത്.
രാത്രി കാലങ്ങളിൽ ഭാര്യയെ മയക്കുമരുന്ന് നൽകി ബോധം കെടുത്തും. ഇതിന് ശേഷം പണവുമായി എത്തുന്നവരെ മുറിയിലേക്ക് കയറ്റിവിടുകയാണ് ഇയാൾ ചെയ്യാറ്. ഓൺലൈൻ വഴിയാണ് ഇയാൾ ആളുകളെ കണ്ടെത്താറ്. ഇത്തരത്തിൽ 92 ഓളം തവണയാണ് ഇര പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്. 2020 ലാണ് സ്വന്തം ഭർത്താവ് മയക്കുമരുന്ന് തന്ന് പീഡനത്തിന് ഇരയാക്കുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
ഇതുവരെ 72 ഓളം പുരുഷന്മാരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ 26 വയസ്സ് മുതൽ 74 വയസ്സുവരെ പ്രായമുള്ളവർ ഉണ്ട്. ഇതിൽ 50 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്.
Discussion about this post