ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ 6000 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുവദിക്കും എന്ന് റിപ്പോർട്ട്. 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനായാണ് ആറായിരം കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ നൽകുന്നത്.
ഇതിലൂടെ 4ജി വിന്യാസം കൂടുതൽ വേഗത്തിലാവും എന്ന് ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു. ബിഎസ്എൻഎല്ലിന് അധിക ഫണ്ട് നൽകുന്നതിൻറെ അനുമതിക്കായി കേന്ദ്ര ക്യാബിനറ്റിനെ ടെലികോം മന്ത്രാലയം ഉടൻ സമീപിക്കുമെന്നാണ് വിവവരം.
രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഒരു ലക്ഷം 4ജി ടവറുകൾ എന്ന ബിഎസ്എൻഎൽ സ്വപ്നം പൂർത്തിയാവാൻ 2025 മധ്യേ വരെ കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോർട്ട് . 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി 3.22 ട്രില്യൺ രൂപ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം സേവനദാതാക്കൾക്ക് ഇതിനകം 4ജി രാജ്യത്തുണ്ട്. എന്നാൽ ഈയിടെ ഇവ റീച്ചാർജ് നിരക്ക് കുത്തനെ ഉയർത്തുകയാണ് ചെയ്തത്. ഇതോടെ നിരവധി പുതിയ കണക്ഷനുകളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഇനിയും കൂടുതൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് തിരിച്ചുവരുമെന്നാണ് റിപ്പോർട്ട്.
Discussion about this post