ഭോപ്പാൽ: മ്യൂസിയത്തിൽ നിന്നും പുരാവസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. ഭോപ്പാലിലെ സ്‌റ്റേറ്റ് മ്യൂസിയത്തിലാണ് കവർച്ചാ ശ്രമം നടന്നത്. വിനോദ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. 15 കോടി രൂപയുടെ പുരാവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ഇയാൾ മ്യൂസിയത്തിൽ എത്തിയത്. ടിക്കറ്റ് എടുത്ത് മ്യൂസിയത്തിൽ പ്രവേശിച്ച പ്രതി വൈകീട്ട് മ്യൂസിയം അടക്കുന്ന സമയം, ഗോവണിക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, തിങ്കളാഴ്ച മ്യൂസിയം അടഞ്ഞു കിടക്കുന്ന സമയത്ത്, ഇയാൾ മോഷണം നടത്തിയ ശേഷം, മ്യൂസിയത്തിന്റെ 25 അടിയുടെ മതിൽ കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഗുപ്ത കാലഘട്ടം മുതൽ, മുഗൾ കാലഘട്ടം വരെയുള്ള 200ലധികം സ്വർണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളും മറ്റ് പുരാവസ്തുക്കളുമായിരുന്നു പ്രതി മോഷ്ടിച്ചത്.
എന്നാൽ, മതിൽ ചാടിക്കടക്കുന്നതിനിടെ, ഇതിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതോടെ പദ്ധതി പൊളിഞ്ഞു. ചൊവ്വാഴ്ച്ച കവർച്ച നടന്നതായി മനസിലാക്കിയ മ്യൂസിയം അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മ്യൂസിയത്തിന് ചുറ്റും നടത്തിയ പരിശോധനയിലാണ് മതിലിന് സമീപം പരിക്കേറ്റ നിലയിൽ മോഷ്ടാവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
98 സ്വർണ, ലോഹ നാണയങ്ങൾ, വിവിധ വലിപ്പത്തിലുള്ള 75 വെള്ളി നാണയങ്ങൾ, 38 ചെമ്പ് നാണയങ്ങൾ, ഒരു സ്വർണ മെഡൽ, 12 മിക്‌സ്ഡ് മെഡലുകൾ എന്നീങ്ങനെ 15 കോടിയുടെ പുരാവസ്തുക്കൾ അടങ്ങിയ ബാഗും ഇയാളിൽ നിന്നും കണ്ടെത്തി. മ്യുസിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നിലവാരം കുറഞ്ഞതാണെന്നും അതാണ് കവർച്ചക്ക് കാരണമെന്നും ഭോപ്പാൽ പോലീസ് ഡെപ്പ്യൂട്ടി കമ്മീഷണർ റിയാസ് ഇക്ബാൽ പറഞ്ഞു. മ്യൂസിയത്തിലെ സുരക്ഷാ അലാമും സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമായിരുന്നു. ശക്തമായി ഒന്ന് തള്ളിയാൽ തന്നെ തുറക്കാൻ കഴിന്നത്ര ദുർബലമാണ് മ്യൂസിയത്തിന്റെ പ്രവേശന വാതിലുകൾ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post