ലക്‌നൗ: നരഭോജി ചെന്നായ്ക്കളെ ഭയന്ന് ഓരോ നിമിഷവും തള്ളി നീക്കുകയാണ് യുപിയിലെ ബെഹ്‌റിച്ചിലുള്ളവർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുട്ടികൾ ഉൾപ്പെടെ 8 പേർക്കായിരുന്നു ചെന്നായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലനാരിഴയ്ക്കായിരുന്നു ചെന്നായ്ക്കളിൽ നിന്നും ഇവർ രക്ഷപ്പെട്ടത്.
ജനങ്ങളെ രക്ഷിക്കാൻ നരഭോജി ചെന്നായ്ക്കളെ ഏത് വിധേനയും പിടികൂടാൻ ആണ് ശ്രമം. നാലോളം ചെന്നായ്ക്കൾ ഇതിനോടകം തന്നെ വനംവകുപ്പിന്റെ പിടിയിൽ ആയിട്ടുണ്ട്. ഇനിയും രണ്ട് എണ്ണം പുറത്ത് അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. എന്നാൽ പകൽ സമയങ്ങളിൽ ചെന്നായ്ക്കളെ പുറത്ത് കാണാത്താണ് ഇവയെ പിടികൂടാൻ അധികൃതർക്ക് തടസ്സമാകുന്നത്. കൊച്ചുകുട്ടികൾ വരെ ഇവയുടെ ആക്രമണത്തിന് ഇരയായത് രാത്രി കാലങ്ങളിൽ ആണ്. എന്തുകൊണ്ടാണ് രാത്രി കാലങ്ങളിൽ മാത്രം ഇവയെ കാണുന്നത്?.
ചെന്നായ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അതീവ ഭീതിയോടെയായിരുന്നു ബെഹ്‌റിച്ചിലെ ജനത കഴിഞ്ഞത്. അമവാസി ദിവസം ആയിരുന്നു കഴിഞ്ഞു പോയത്. എന്താണ് അമാസി ദിവസം ജനങ്ങൾ ഇത്രയേറെ ഭയക്കാൻ കാരണം?. ചന്ദ്രനെ കാണാതിരിക്കുമ്പോഴാണോ ഇവ കൂടുതൽ അക്രമ കാരികൾ ആകുന്നത്?.
അമാവാസി നാളുകളിൽ ചെന്നായ്ക്കൾ കൂടുതൽ അക്രമകാരികൾ ആകുമെന്നാണ് ബെഹ്‌റിച്ച് ജനതയുടെ വിശ്വാസം. ഈ വിശ്വാസമാണ് ഇവരുടെ ഭീതിയ്ക്ക് ആധാരം. അമാവാസിയിൽ ദുഷ്ടശക്തികൾ ശക്തിയാർജ്ജിക്കും എന്നാണ് ഇവർ പറയുന്നത്. നരഭോജികളായ ചെന്നായ്ക്കളെ ഇവർ ദുഷ്ടശക്തികളുമായി ബന്ധിപ്പിക്കുന്നു. അതിനാൽ രാത്രി കാലങ്ങളിൽ എത്ര അത്യവശ്യം ആണെങ്കിലും ആളുകൾ പുറത്തേക്ക് ഇറങ്ങാറില്ല.
അമവാസി ദിനത്തിൽ ചന്ദ്രൻ മറഞ്ഞ് നിൽക്കുന്നതിനാൽ കൂരാകുരിട്ടാകും ഭൂമിയിൽ നിറഞ്ഞു നിൽക്കുക. അതുകൊണ്ട് തന്നെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ചെന്നായ്ക്കൾക്ക് ഈ ദിവസങ്ങളിൽ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇവ കൂട്ടത്തോടെ പുറത്തേയ്ക്ക് വരികയും വേട്ടയാടുകയും ചെയ്യുന്നു. വെളിച്ചമുള്ളപ്പോൾ ഉൾക്കാടുകളിലും മറ്റും പതുങ്ങി ഇരിക്കുകയാണ് ഇവയുടെ രീതി. അതിനാലാണ് പകൽ സമയങ്ങളിൽ ഇവയെ പിടികൂടാൻ കഴിയാത്തത്.
Discussion about this post