കഴുകൻ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം മനസിൽ ഭയവും വെറുപ്പും ഒക്കെയാണ് വരുക. മനുഷ്യമാംസം തിന്നുന്നവർ എന്ന പേരുള്ളതുകൊണ്ട് തന്നെ ഇവ നമ്മുടെ ഉള്ളിൽ ഭയം ജനിപ്പിക്കുന്നു. എന്നാൽ, ഭയം ജനിപ്പിക്കുന്ന ഒരു ക്രൂരന്റെ രൂപം എന്നതിനുമപ്പുറം പരിസ്ഥിതിയിൽ കഴുകനുള്ള സ്ഥാനം നിസാരമല്ല. മനുഷ്യന്റെ നിലനിൽപ്പിന് കഴുകന്മാർ ഭൂമിയിൽ ഉണ്ടായേ തീരൂ എന്ന് പരിസ്ഥിതി വിദഗ്ദർ പറയുന്നു. കേട്ടാൽ അവിശ്വസനീയമായി തോന്നുമെങ്കിലും മനുഷ്യനും കഴുകനും തമ്മിലുള്ള ബന്ധം പഠനങ്ങളും തെളിയിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കഴുകന്മാരുടെ എണ്ണത്തിൽ വലയ കുറവാണ് സംഭവിച്ചിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റിക്കുമെന്ന് വിദഗ്ദർ പറയുന്നു. ഭൂമിയിലെ കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന എല്ലാ ജീവികളും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ തമ്മിൽ അദൃശ്യമായ ഒരു ചങ്ങലയാൽ ബന്ധിച്ചിരിക്കുകയാണ്. ഈ ചങ്ങലയിലെ ഏതെങ്കിലും ഒരു കണ്ണിക്ക് പ്രശ്‌നം സംഭവിക്കുന്നത് ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം.
1887ൽ വില്യം ലോഗൻ എഴുതിയ മലബാർ മാന്വലിൽ കേരളത്തിലെ വളപ്പട്ടണത്തും കണ്ണൂരും വയനാട്ടിലും എല്ലാം നിരവധി കഴുകന്മാരെ കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഇപ്പോൾ കേരളത്തിലെ മൊത്തം കഴുകന്മാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ വയനാട്ടിലെ ഉൾക്കാടുകളിൽ മാത്രമാണ് കഴുകന്മാരെ കാണാനാവുക. 150ഓളം കഴുകന്മാരാണ് വയനാട്ടിൽ ഉള്ളതെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ പറയുന്നത്. കേരള കർണാടക അതിർത്തിയിലെ നീലഗിരി ബയോസ്ഫിയറിൽ 320 ഓളം കഴുകന്മാർ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യൻ കഴുകന്മാരുടെ അപ്രതീക്ഷിത നാശത്തെ തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ അഞ്ചുലക്ഷം മനുഷ്യർ മരിച്ചെന്നാണ് ഇന്ത്യൻ കഴുകന്മാരെ കുറിച്ച് പഠിച്ച ചിക്കാഗോ സർവകലാശാലയിലെ ഗവേഷകനായ ഇയാൾ ഫ്രാങ്ക്, വാർവിക് സർവകലാശാലയിലെ ഗവേഷകനായ ആനന്ദ് സുദർശൻ എന്നിവരുടെ പഠനത്തിൽ പറയുന്നത്. ശവശരീരങ്ങൾ ഭക്ഷിക്കുന്ന കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഭൂമിയുടെ ശുചിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പഠനം പറയുന്നു. ഇത് മൂലം മനുഷ്യൻറെ മരണനിരക്ക് 4 ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്നാണ് കണ്ടെത്തൽ. പ്രതിവർഷം 69.4 ബില്യൺ ഡോളറിൻറെ നാശനഷ്ടമാണ് ഇങ്ങനെ സംഭവിച്ചത്. ഇത്തരം സൂചനകൾ കഴുകൻ പോലുള്ള കീസ്റ്റോൺ ഇനങ്ങളെ സംരക്ഷിക്കുന്നതിൻന്റെ പ്രധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
കഴുകന്മാരുടെ വംശനാശത്തിന് തടയിടുന്നതിനായി വനംവകുപ്പ് ആവിഷ്‌കരിച്ച പദ്ധതികളിൽ ഒന്നായിരുന്നു കഴുകൻ റെസ്റ്റോറന്റ് (vulture restaurant). കഴുകന്മാർക്ക് തീറ്റയെടുക്കുന്നതിനായി ഉൾവനങ്ങളിൽ സജ്ജീകരിച്ച പ്രത്യേക സ്ഥലങ്ങളാണിവ. അപകടങ്ങളിൽപ്പെട്ടോ അല്ലാതെയോ മറ്റ് മൃഗങ്ങൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്നവയോ സ്വാഭാവികമായി മരിക്കുന്നതോ ആയ വന്യമൃഗങ്ങളുടെ ശവശരീരങ്ങൾ ഉൾവനത്തിലൊരുക്കിയ ഇത്തരം പ്രത്യേക ഇടങ്ങളിൽ സംസ്‌കരിക്കാതെ കൊണ്ടിടും. മൃതദേഹം കണ്ട് കിലോമീറ്ററുകൾ ദൂരെ നിന്ന് പോലും കഴുകന്മാരെത്തി മാംസം നിമിഷ നേരം കൊണ്ട് തിന്ന് തീർക്കും. ഇത്തരം സ്ഥലങ്ങളാണ് ‘കഴുകൻ റെസ്റ്റോറന്റ്. വയനാട്ടിലും വയനാടിനോട് ചേർന്നുള്ള കർണ്ണാടക, തമിഴ്‌നാട് വനമേഖലയിലും ഇത്തരം കഴുകൻ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ കഴുകന്മാരുടെ വംശനാശം തടയുന്നതിൽ വലിയ പങ്കാണ് ഇത്തരം കഴുകൻ റെസ്‌റ്റോറന്റുകൾ വഹിക്കുന്നത്.
Discussion about this post