തിരുവനന്തപുരം: നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെ പാട്ടുവച്ചതിനെ ചൊല്ലി സംഘർഷം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അസ്റ്റ് ചെയ്തു. സംഘർഷത്തിൽ ഒന്നര വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹം ആയിരുന്നു ഇവിടെ നടന്നത്. വധുവിന്റെ വീട്ടുകാർ വന്ന ബസിൽ ചിലർ ചേർന്ന് പാട്ടുവയ്ക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
30 വയസ്സുള്ള ആൻസി, ഭർത്താവ് ഷെഫീഖ് ഇവരുടെ ഒന്നര വയസ്സുള്ള മകൻ ഷെഫാൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസുകാരൻ ജലാലുദ്ദീൻ, ഷാജി എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പോലീസിൽ ലഭിച്ചിരിക്കുന്നത് പരാതി. പരിക്കേറ്റവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം അറിഞ്ഞ് അപ്പോൾ തന്നെ പോലീസ് ഓഡിറ്റോറിയത്തിൽ എത്തി. പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസുകാരോട് കയർത്ത് സംസാരിക്കുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post