ന്യൂഡൽഹി: വരൾച്ചയെ തുടർന്ന് കടുത്ത ദുരിതം അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയ്ക്ക് ഇന്ത്യയുടെ സാന്ത്വനം. മാനുഷികസഹായം എന്ന നിലയിൽ മലാവിയിലേക്ക് കേന്ദ്രസർക്കാർ അരി എത്തിച്ചു. ആയിരം മെട്രിക് ടൺ അരിയാണ് സഹായമായി ഇന്ത്യ നൽകിയത്.
വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് അരി കയറ്റി അയച്ച വിവരം അറിയിച്ചത്. അടിയന്തിര സഹായം എന്നോണമാണ് അരി എത്തിച്ചത് എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. വരും ദിവസങ്ങളിലും ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണാഫ്രിക്കയുടെ തെക്ക്- കിഴക്കൻ രാജ്യമാണ് മലാവി. കടുത്ത വരൾച്ചയെ തുടർന്ന് രാജ്യവ്യാപകമായി കൃഷികൾ നശിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടുകയായിരുന്നു. ഈ വർഷം ജനുവരി മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ക്രമേണ ഭക്ഷ്യവസ്തുക്കൾ കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെ ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യത്തെ 23 ജില്ലകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു.
പട്ടിണിയെ തുടർന്ന് ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന സ്ഥിതിവിശേഷം രാജ്യത്ത് ഉണ്ടായി. ഇതോടെ മലാവി ഭരണകൂടം ലോകരാജ്യങ്ങളോട് സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ അരി നൽകിയത്. മലാവിയുടെ അയൽരാജ്യമാണ് സാംമ്പിയയിലും സമാന സ്ഥിതി വിശേഷം ആണ് അനുഭവപ്പെടുന്നത്. സാംമ്പിയയ്ക്കും ഇന്ത്യ സഹായം എത്തിച്ചിട്ടുണ്ട്.
Discussion about this post