തിരുവനന്തപുരം : പൊതുവിപണിയിൽ നിന്നും 1500 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങുകയാണ് കേരളം. അടുത്ത ചൊവ്വാഴ്ചയാണ് കേരളം പുതിയ കടമെടുപ്പ് നടത്തുന്നത്. റിസർവ് ബാങ്കിന്റെ കോർബാങ്കിംഗ് സംവിധാനമായ ഇ-കുബേർ വഴി കടപത്രങ്ങൾ ഇറക്കിയാണ് കടമെടുപ്പ്. കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്ന 4200 കോടിയിൽ നിന്നും 1500 കോടി രൂപയാണ് കേരളം അടുത്തയാഴ്ച കടമെടുക്കുന്നത്.
ഓരോ സംസ്ഥാനങ്ങളുടെയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനം ആണ് ഓരോ വർഷവും ഇത്തരത്തിൽ കടം എടുക്കാൻ കഴിയുക. ഇതനുസരിച്ച് കേരളത്തിന് ഒരു വർഷം 44,528 കോടി രൂപ കടമെടുക്കാൻ ആണ് അർഹതയുള്ളത്. എന്നാൽ കേന്ദ്രസർക്കാർ ഇതിൽ നിന്നും 7016 കോടി രൂപ വെട്ടി കുറച്ചിരുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് അനുമതി ഉള്ളത്.
2024-2025 സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെയുള്ള കാലയളവിൽ കേരളത്തിന് കടമെടുക്കാൻ അനുവാദം ഉണ്ടായിരുന്ന 21,253 കോടി രൂപ സെപ്റ്റംബർ രണ്ടിന് കേരളം എടുത്തു തീർത്തിരുന്നു. ഇനി ബാക്കിയുള്ള തുക അടുത്തവർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലായിരിക്കും എടുക്കാൻ കഴിയുക. ഇതിൽ നിന്നും 5000 കോടി രൂപ മുൻകൂറായി എടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിന്റെ ആവശ്യം പരിശോധിച്ച കേന്ദ്രസർക്കാർ 4200 കോടി രൂപയാണ് കടമെടുക്കാൻ അനുമതി നൽകിയിരുന്നത്. ഇതിൽനിന്നും 1500 കോടി രൂപയാണ് സെപ്റ്റംബർ 10ന് കേരളം കടമെടുക്കുന്നത്. ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെ ബോണസും അടക്കമുള്ള ഓണ ചിലവിലേക്ക് ആയിരിക്കും കേരളം കടമെടുക്കുന്ന തുക വിനിയോഗിക്കുകയെന്നാണ് സൂചന. ഓണക്കാലത്തെ സർക്കാർ ചെലവുകൾക്കായി ഇരുപതിനായിരം കോടി രൂപയെങ്കിലും വേണ്ടിവരും എന്നാണ് കേരള സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കടപ്പത്രങ്ങൾ ഉപയോഗിച്ച് വായ്പയെടുക്കുന്ന തുകയ്ക്ക് പുറമേ തനത് നികുതി വരുമാനത്തിൽ നിന്ന് കൂടിയുള്ള തുകയായിരിക്കും ഇതിനായി ചെലവഴിക്കുന്നത്.
Discussion about this post