മുംബൈ : ഇന്ത്യയിലെ ഓഹരി ഉടമകളിൽ ഏറ്റവും ഭാഗ്യവാന്മാരായവർ ആരെന്ന ചോദ്യത്തിന് ഒടുവിൽ ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ലോട്ടസ് ചോക്ലേറ്റ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയുടമകളാണ് ഇത്തരത്തിൽ ബംബർ സമ്മാനം അടിച്ച ഭാഗ്യവാന്മാരായി മാറിയിരിക്കുന്നത്. വെറും മൂന്നുവർഷം കൊണ്ട് ഒരു ലക്ഷം രൂപയുടെ ഓഹരികൾ 50 ലക്ഷം രൂപയായായി മാറിയത് കണ്ട് നിക്ഷേപകർ തന്നെ വലിയ ഞെട്ടലിലാണ്.
ഇത്തരത്തിലുള്ള വലിയ മാറ്റത്തിന് കാരണമായിരിക്കുന്നത് മുകേഷ് അംബാനിയാണ്. കഴിഞ്ഞ വർഷം മേയിലാണ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ലോട്ടസ് ചോക്ലേറ്റിന്റെ വലിയൊരു ഭാഗം ഓഹരികൾ സ്വന്തമാക്കിയത്. 74 കോടി രൂപ ചെലവിട്ട് കമ്പനിയുടെ 51 ശതമാനം ഓഹരികൾ ആണ് മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നത്.
കമ്പനിയിലേക്കുള്ള അംബാനിയുടെ രംഗപ്രവേശത്തോടെ ഏതാനും മാസങ്ങൾ കൊണ്ട് ലോട്ടസ് ചോക്ലേറ്റ് നിക്ഷേപകരംഗത്ത് വലിയ ശ്രദ്ധ നേടി. കഴിഞ്ഞ മൂന്നു മാസം കൊണ്ട് മാത്രം 364 ശതമാനം വർദ്ധനവാണ് ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരികളിൽ ഉണ്ടായിട്ടുള്ളത്. 1989ൽ സ്ഥാപിക്കപ്പെട്ടതാണ് ലോട്ടസ് ചോക്ലേറ്റ് കമ്പനി. മൂന്നുവർഷങ്ങൾക്ക് മുൻപ് 35 രൂപ മാത്രമായിരുന്നു ലോട്ടസ് ചോക്ലേറ്റിന്റെ ഓഹരി വില ഉണ്ടായിരുന്നത്. അന്ന് ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങിയ നിക്ഷേപകർക്ക് ഇന്ന് 50 ലക്ഷം രൂപയോളം ആണ് ലാഭം ലഭിച്ചിരിക്കുന്നത്.
Discussion about this post