തിരുവനന്തപുരം: കൃത്യമായി ഹാജരില്ലാതെ സർവകലാശാല പരീക്ഷ എഴുതിയ ഇടതു പക്ഷ അധ്യാപികയ്ക്ക് അനർഹമായി നൽകിയ മാർക്ക് വർദ്ധന തിരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും മുൻ എസ്.എഫ്.ഐ നേതാവുമായ കെ.ഡയാനക്കാണ് കാലിക്കറ്റ് സർവകലാശാല അനധികൃതമായി മാർക്ക് വർദ്ധിപ്പിച്ചു നൽകിയത്.
വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഡയാന. ഇവർക്ക് 2009ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടു വർഷങ്ങൾക്കുശേഷം 17 മാർക്ക് അധികമായി നൽകുകയായിരുന്നു സർവകലാശാല. ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ സർവകലാശാലയിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ നൽകിയ പരാതിയിലാണ് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്.
ഹാജർ 75 ശതമാനത്തിൽ കുറവായതിനാൽ ഹാജരിൽ ഇളവ് നേടി സർവകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡയാന പരീക്ഷയെഴുതിയത്. ഇവരുടെ ഇന്റെര്ണല് മാർക്കാണ് ചട്ടങ്ങൾ മറികടന്ന് സർവകലാശാല വർദ്ധിപ്പിച്ചത്.
വിദ്യാർത്ഥികളുടെ ഹാജർ രേഖകൾ സർവകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജരില്ലാത്തവർക്കും മാർക്ക് നൽകാൻ തീരുമാനിച്ചതെന്നായിരുന്നു സർവകലാശാല രജിസ്ട്രാറുടെ വിശദീകരണം.
Discussion about this post