ചെന്നൈ: വിവാഹ മോചന വാർത്തകൾ സ്ഥിരീകരിച്ച് തമിഴ്‌നടൻ ജയം രവി. എക്‌സിലൂടെയാണ് ഭാര്യ ആരതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ജയം രവി അറിയിച്ചത്. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
ഒരുപാട് ചിന്തിച്ച ശേഷമാണ് ആരതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ തീരുമാനിച്ചത് എന്ന് ജയം രവി പറഞ്ഞു. ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത് പെട്ടെന്ന് എടുത്തൊരു തീരുമാനം അല്ല. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിൽ. എല്ലാവരുടെയും നന്മ ആഗ്രഹിച്ചുകൊണ്ട് കൂടിയാണ് ഈ തീരുമാനം.
പ്രതിസന്ധി സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. തങ്ങളുടെ സ്വകാര്യ വിഷയമായി ഏവരും ഇതിനെ പരിഗണിക്കണം എന്നും ജയംരവി കൂട്ടിച്ചേർത്തു.
2009 ലായിരുന്നു ആരതിയുമായുള്ള ജയം രവിയുടെ വിവാഹം. നിർമ്മാതാവായ സുജാത വിജയകുമാറിന്റെ മകളാണ് ആരതി. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. അടുത്തിടെ അസ്വാരസ്യങ്ങളെ തുടർന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ദമ്പതികൾ. ഇതിനിടെ ജയം രവിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ആരതി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ ആരംഭിച്ചത്.
Discussion about this post