ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് ആംആദ്മിയുടെ പ്രഹരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളുടെ പട്ടിക ആംആദ്മി പുറത്തുവിട്ടു. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം ചേർന്ന് ആംആദ്മി മത്സരിക്കില്ലെന്നാണ് സ്ഥാനാർത്ഥി പട്ടിക നൽകുന്ന സൂചന.
വൈകീട്ടോടെയാണ് സ്ഥാനാർത്ഥിപട്ടിക ആംആദ്മി പുറത്തുവിട്ടത്. 20 പേരാണ് ആദ്യ പട്ടികയിൽ ഉൾപ്പെടുന്നത്. ആംആദ്മി സംസ്ഥാന ഉപാദ്ധ്യക്ഷൻ അനുരാഗ് ധണ്ട ഉൾപ്പെടെയുള്ളവർ ആദ്യ പട്ടികയിൽ ഉൾപ്പെടുന്നു. കലയത്ത് നിന്നാണ് അദ്ദേഹം മത്സരിക്കുക. പാർട്ടിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദു ശർമ്മ ഭിവാനിയിൽ നിന്നും മത്സരിക്കും. മെഹാമിൽ നിന്നും വികാസ് നെഹ്‌റയും റോഹ്ത്തക്കിൽ നിന്നും ബിജേന്ദർ ഹൂഡയും ജനവിധി തേടും.
ഹരിയാനയിൽ ബിജെപിയ്‌ക്കെതിരെ ആംആദ്മിയുമായി സഖ്യം ചേർന്ന് മത്സരിക്കാനായിരുന്നു കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട സൂചനകൾ രാഹുൽ ഗാന്ധി പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ ഞെട്ടിച്ച് ആംആദ്മി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. 90 നിയമസഭാ സീറ്റുകളിലേക്കാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post