മുംബൈ: മരിക്കുന്നതിന് തൊട്ടുമുമ്പ് അനിൽ കുൽദീപ് മേത്ത തൻ്റെ മക്കളായ നടി മലൈക അറോറയോടും അമൃത അറോറയോടും സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ട്. അവസാന സമയം അദ്ദേഹം മക്കള്‍ക്ക് ഫോൺ ചെയ്തിരുന്നു. ‘എനിക്ക് വയ്യ.., ക്ഷീണിതനാണ്’ എന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം, ഇൻസ്റ്റാഗ്രാമിൽ മലൈക പുറത്തിറക്കിയ കുറിപ്പില്‍ പിതാവിൻ്റെ ദാരുണമായ മരണത്തിൽ കുടുംബത്തിൻ്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
‘ഞങ്ങളുടെ പ്രിയ പിതാവ് അനിൽ മേത്തയുടെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ വ്യക്തിയും അർപ്പണബോധമുള്ള ഒരു മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു. ഈ നഷ്ടത്തിൽ ഞങ്ങളുടെ കുടുംബം അഗാധമായ ഞെട്ടലിലാണ്. ഈ ദുഷ്‌കരമായ സമയത്ത് മാധ്യമങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമുള്ള സ്വകാര്യത ഞങ്ങൾ ദയയോടെ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു’- മലൈക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ബുധനാഴ്ച രാവിലെയാണ് ബാന്ദ്രയിലെ തൻ്റെ വസതിയുടെ ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി അനിൽ മേത്ത (65) ജീവനൊടുക്കിയത്. സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് പോളികാർപ്പ് ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്ലാറ്റിലായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയിൽ തൻ്റെ ഭർത്താവിൻ്റെ ചെരിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തെ തിരയാൻ തുടങ്ങിയത്. കണ്ടെത്താൻ കഴിയാതെ വന്നതോടെ, ബാൽക്കണി റെയിലിംഗിനടുത്ത് നോക്കിയപ്പോള്‍ ആണ്, താഴെ മേത്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം സ്ഥിരീകരിക്കാൻ ഭാഭ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികള്‍ നടക്കുകയാണ്. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post