തിരുവനന്തപുരം: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പ്രതിയായ മദ്രസ അദ്ധ്യാപകനെതിരെ കമ്മീഷൻ കേസ് എടുത്തു. വിഴിഞ്ഞം സ്വദേശിയായ അജ്മൽ ഖാനാണ് മദ്രസ അദ്ധ്യാപകനിൽ നിന്നും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്.
കൂത്തുപറമ്പിലെ ഇശാത്തുൽ ഉലൂം ദറസിലെ വിദ്യാർത്ഥിയായിരുന്നു അജ്മൽ ഖാൻ. മാസങ്ങൾക്ക് മുൻപാണ് വിദ്യാർത്ഥി മദ്രസ പഠനച്ചത്തിനായി ഇവിടെ എത്തിയത്. എന്നാൽ ഇവിടുത്തെ അദ്ധ്യാപകൻ ആയ ഉമർ ഫൈസി കുട്ടിയെ അന്ന് തൊട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പഠനത്തിൽ ശ്രദ്ധ പോരെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ ആക്രമിച്ചിരുന്നത്. മുറിയിൽ പൂട്ടിയിട്ട് അടിയ്ക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി തേയ്ക്കുകയും ചെയ്തതായി വിദ്യാർത്ഥി പറയുന്നു. ഉസ്താദ് പഠിപ്പിക്കുന്നത് ഒന്നും അജ്മൽ ഖാന് മനസിലായിരുന്നില്ല. ഇക്കാര്യം സഹപാഠികളുമായി കുട്ടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഉസ്താദ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ ഇസ്തിപ്പെട്ടിക്കൊണ്ട് പൊള്ളലേൽപ്പിക്കുകയും ആയിരുന്നു. ഭയന്ന് കുട്ടി അടുത്തുള്ള മസ്ജിദിൽ അഭയം പ്രാപിച്ചു. ഇതോടെയാണ് ഉസ്താദിന്റെ ക്രൂര പീഡനം പുറത്തറിഞ്ഞത്.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തിരിക്കുന്നത്. ഉസ്താദിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കണ്ണൂർ റൂറൽ പോലീസ് മേധാവിയ്ക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post