സാധാരണ സാരികൾ പോലെ സ്ത്രീകൾ എല്ലായ്‌പ്പോഴും സെറ്റ് സാരികൾ ഉടുക്കാറില്ല. ഓണ ദിവസങ്ങളിലും വിഷുപോലെയുള്ള മറ്റ് വിശേഷ ദിവസങ്ങളിലും മാത്രമാണ് സ്ത്രീകൾ സെറ്റ് സാരി ധരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ദീർഘകാലം സെറ്റുസാരികൾ അലമാരിയിൽ തന്നെ സൂക്ഷിക്കേണ്ടി വരുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ സാരികൾ കേട് ആകുന്നതിന് കാരണം ആകും.
വിശേഷാവസരങ്ങളിൽ ഉടുക്കാനായി അലമാരിയിൽ നിന്നും എടുക്കുമ്പോഴാണ് സാരി പഴകിയതായി മനസിലായത്. ഒന്നിൽ കൂടുതൽ തവണ കഴുകിയാലും ഈ പുതുമ വീണ്ടെടുക്കാൻ സാധിച്ചെന്ന് വരില്ല. ഇതോടെ നാം സാരി ഉപേക്ഷിക്കുകയും പുതിയത് വാങ്ങുകയും ചെയ്യും. എന്നാൽ ഇനി പഴകിയ സെറ്റ് സാരികൾ ഉപേക്ഷിക്കേണ്ടതില്ല. ഒരു കഷ്ണം ഓട് കൊണ്ട് ഈ സാരികൾ പുതിയത് പോലെയാക്കാം.
ചെറിയ കഷ്ണം ഓടാണ് ആദ്യമായി ഇതിന് ആവശ്യം. ഇത് നന്നായി കഴുകി വൃത്തിയാക്കണം. ഈ ഓട് കഷ്ണം കല്ലിൽ നന്നായി ഉരച്ച് പൊടിയാക്കുക. ഇത്തരത്തിൽ ഒരു സ്പൂൺ പൊടിയാണ് സാരിയ്ക്കായി ആവശ്യം. ഒരു ബൗളിൽ ഈ പൊടിയെടുത്ത് ഇതിലേക്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. മറ്റൊരു വലിയ പാത്രത്തിൽ സാരി മുങ്ങാൻ പാകത്തിൽ കഞ്ഞിവെള്ളം എടുക്കണം. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള വെള്ളം ചേർത്ത് നന്നായി ഇളക്കാം.
ഓട് മിശ്രിതം പൂർണമായും കഞ്ഞിവെള്ളത്തിൽ അലിഞ്ഞാൽ പിന്നീട് ഇതിലേക്ക് സാരികൾ മുക്കാം. അഞ്ച് മിനിറ്റ് നേരമെങ്കിലും മുക്കി വയ്ക്കണം. ശേഷം ഇത് എടുത്ത് നല്ല വെയിലത്ത് ഉണക്കിയെടുക്കാം. കസവ് മുണ്ടുകളും ഇത് പോലെ ചെയ്‌തെടുക്കാം.
പണ്ട് കാലത്ത് സെറ്റ് മുണ്ട് പുത്തനാക്കി സൂക്ഷിക്കാൻ ഈ രീതിയിലാണ് അവലംബിച്ചിരുന്നത് എന്നാണ് അവകാശപ്പെടുന്നത്.
Discussion about this post