ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത വർഷമായിരിക്കും ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തങ്ങളുടെ വിശ്വസ്ത നേതാവ് സ്മൃതി ഇറാനിക്ക് പുതിയ ചുമതല നൽകിക്കഴിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് അജണ്ട പ്രകാരം ഡൽഹിയിൽ ഒരുക്കങ്ങൾ നടത്താൻ ബിജെപിയുടെ ഉന്നത നേതൃത്വം സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നു.
ആം ആദ്മി പാർട്ടിക്കെതിരെ ബിജെപിയുടെ കോട്ട ശക്തിപ്പെടുത്താൻ സ്മൃതി ഇറാനിയെയാണ് പാർട്ടി കളത്തിലിറക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കളമൊരുക്കാനുള്ള ശ്രമങ്ങൾ സ്മൃതി ഇറാനിയും ആരംഭിച്ചു കഴിഞ്ഞു എന്നാണ് സൂചനകൾ. ബി.ജെ.പിയുടെ മെമ്പർഷിപ്പ് കാമ്പയിൻറെ ഭാഗമായി പ്രവർത്തനത്തിന് ആളുകളെ രംഗത്തിറക്കാനും പാർട്ടിയുടെ അംഗത്വം എടുക്കുന്നതിനുമായി ബി.ജെ.പി വീടുവീടാന്തരം കയറിയിറങ്ങുന്നുണ്ട്.
സെപ്തംബർ 2 മുതലാണ് ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചത്. അന്നുമുതൽ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ പ്രദേശിക നേതൃത്വവുമായി ചേർന്ന് പാർട്ടി പ്രവർത്തനത്തിൽ സജീവമാണ്.
ഡൽഹി ബിജെപിയുടെ 14 ജില്ലാ യൂണിറ്റുകളിൽ 7 എണ്ണത്തിലും മെമ്പർഷിപ്പ് കാമ്പയിൻ നിരീക്ഷിക്കാനുള്ള ചുമതല സ്മൃതി ഇറാനിക്ക് പാർട്ടി ഇതിനോടകം നൽകികഴിഞ്ഞു. ഇതിന് മുമ്പും അംഗത്വ കാമ്പയിൻറെ ഭാഗമായി സ്മൃതി ഇറാനി ഡൽഹിയിൽ മൂന്ന് ദിവസത്തെ സംഘടനാ സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് വിവിധ പൊതുപരിപാടികളിൽ സ്മൃതി ഇറാനി പങ്കെടുത്തിരുന്നു. ഷഹ്ദാര, കരോൾ ബാഗ് മുതൽ ന്യൂഡൽഹി എന്നീ പ്രധാന സ്ഥലങ്ങളിലെ പൊതുപരിപാടികളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് സ്മൃതി ഇറാനി ആയിരുന്നു.
ബിജെപി നേരത്തെയുമ സ്മൃതി ഇറാനിക്ക് ഇത്തരത്തിൽ പ്രത്യേക ഉത്തരവാദിത്വം നൽകി തിരഞ്ഞെടുപ്പ് രംഗത്തിറക്കിയിരുന്നു. കോൺഗ്രസിൻറെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുകയായിരുന്നു ആ ലക്ഷ്യം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി ഈ ദൗത്യം നന്നായി നിർവഹിക്കുകയും ചെയ്തു. അതേ സമയം കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചതും പാർട്ടിക്ക് ക്ഷീണമായി.
Discussion about this post