ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം ആയ പോർട്ട് ബ്ലെയറിന് ഇനി പുതിയ പേര്. ‘ശ്രീ വിജയ പുരം’ എന്നായിരിക്കും ഇനി പോർട്ട് ബ്ലെയർ അറിയപ്പെടുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പേര് മാറ്റം പ്രഖ്യാപിച്ചത്. 2018 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റിയിരുന്നു.
കൊളോണിയൽ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ ഇല്ലാതാക്കി ഭാരതീയ പൈതൃകത്തിന് പ്രാധാന്യം നൽകുന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പോർട്ട് ബ്ലെയറിന്റെ പേരുമാറ്റം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിന്റെ മുദ്രകളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പോർട്ട് ബ്ലെയറിന്റെ പേരു മാറ്റിയിരിക്കുന്നത് എന്നും അമിത് ഷാ സൂചിപ്പിച്ചു.
ഒരുകാലത്ത് ദക്ഷിണേന്ത്യ അടക്കിവാണിരുന്നതും ഭാരതത്തിന്റെ അഭിമാനമായതുമായ ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന പ്രദേശമായിരുന്നു ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഇന്നും ഭാരതത്തിന്റെ തന്ത്രപരമായ പ്രദേശം കൂടിയാണിത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരംഗയുടെ ആദ്യ അവതരണത്തിന് ആതിഥേയം വഹിച്ച സ്ഥലവും വീർ സവർക്കർ അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികൾ സ്വതന്ത്ര ഭാരതത്തിനായി പോരാടിയ സെല്ലുലാർ ജയിലും ഉൾപ്പെടുന്ന പ്രദേശം ഭാരതത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണെന്ന് അമിത് ഷാ തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെ അനുസ്മരിച്ചാണ് ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് ശ്രീ വിജയ പുരം എന്ന പുതിയ പേര് നൽകിയിരിക്കുന്നത്.
Discussion about this post