1989 ഡിസംബർ എട്ട്.പതിവുപോലെ കൊടും തണുപ്പുള്ള ദിവസം… ശ്രീനഗറിൽ ഒരു നീലമാരുതി വാൻ ഒരു മിനിബസിന് മുന്നിൽ നാടകീയമായി സഡൻബ്രേക്കിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബസിലെ യാത്രക്കാർ ചിന്തിച്ചുതുടങ്ങും മുൻപേ വാനിൽ നിന്ന് മൂന്ന് തീവ്രവാദികൾ ചാടിവീണു. അവർ മിനിബസിലെ ഒരു യുവതിയെ പൊന്നനെ തോക്കിൻമുനയിൽ നിർത്തി ബലമായി വാനിൽകയറ്റി കൊണ്ടുപോകുന്നു. ഇന്ത്യൻ ഭരണകൂടം ഇസ്ലാമിക ഭീകരർക്ക് കീഴടങ്ങിയ ചരിത്രത്തിലെ ലജ്ജാകരമായ ഒരു സംഭവത്തിന്റെ തുടക്കമായിരുന്നു അത്.
അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകളും മെഹ്ബൂബ മുഫ്തിയുടെ സഹോദരിയുമായിരുന്ന റുബയ്യ സയീദിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. സയീദിനെ കേന്ദ്രമന്ത്രിയായി നിയമിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർഭാഗ്യകരമായ സംഭവം ഉണ്ടായത്. മെഡിക്കൽ ഇന്റേണായി ജോലി ചെയ്ത് വന്നിരുന്ന റുബയ്യയെ ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുള്ള ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. 23 വയസ് മാത്രമായിരുന്നു അന്ന് സയീദിന്റെ മകൾക്ക് പ്രായം.
രാജ്യത്തിന്റെ ആഭ്യന്തരം കയ്യാളുന്ന ആളുടെ മകളെ കസ്റ്റഡിയിൽ വച്ച് ഭീകരർ അവരുടെ വൃത്തികെട്ട വിലപേശൽ ആരംഭിച്ചു. ഇന്ത്യൻ സർക്കാർ തടവിലാക്കിയ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രിയുടെ മകൾ ഒരിക്കലും പുറംലോകം കാണില്ലെന്ന് അവർ ഭീഷണിമുഴക്കി.
അബ്ദുൾ ഹമീദ് ഷെയ്ഖ്, ഷേർഖാൻ, നൂർ മുഹമ്മദ് കൽവാൽ, അൽതാഫ് അഹമ്മദ്, ജാവേദ് അഹമ്മദ് ജർഗർ എന്നിവരെ മോചിപ്പിക്കാനായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ നാടകം. ഭീഷണി ശക്തമായതോടെ സ്ത്രീസുരക്ഷ മുന്നിൽ കണ്ട് അന്നത്തെ പ്രധാനമന്ത്രി വിപി സിംഗ് ഭീകരരെ വിട്ടയക്കാൻ ഉത്തരവിട്ടു. ഭീകരർ പുറംലോകം കണ്ടതിന് ഒരു മണിക്കൂർ പിന്നാലെ റുബയ്യയെും ഭീകകർ വിട്ടയക്കുകയായിരുന്നു. ഈ വിട്ടുകൊടുക്കൽ ശരിക്കും ഭീകരർക്ക് കൂടുതൽ അക്രമങ്ങൾ നടത്താനുള്ള വളമായിരുന്നു. 1999 ഐസി-184 വിമാനം ഹൈജാക്കിംഗിന് പോലും ഭീകരർക്ക് ധൈര്യം നൽകിയത് ഇന്ത്യയുടെ ഈ നീക്കമയിരുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
Discussion about this post