തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഓണക്കാലത്തെ വരവേറ്റ് മലയാളക്കര. തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. ഒന്നാം ഓണമായ ഇന്നാണ് ഉത്രാടപ്പാച്ചിൽ.
നേരത്തെ സദ്യവട്ടങ്ങൾക്ക് വാങ്ങാൻ മറന്ന സാധനങ്ങളും, പൂക്കളം തീർക്കാനുള്ള പൂക്കളുമെല്ലാം വാങ്ങുന്നത് ഇന്നാണ്. ചിലർ ഓണക്കോടിയെടുക്കുന്നതും ഈ ദിവസത്തിലാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് ഇന്ന് കടകളിലും റോഡുകളിലുമെല്ലാം അനുഭവപ്പെടുക.
ഓണവധിയ്ക്കായി ഇന്നലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു. ബാങ്കുകൾക്കും ഇന്ന് അവധിയാണ്. ചില സ്വകാര്യസ്ഥാപനങ്ങൾക്കും ഇന്ന് അവധിയുണ്ട്. അതുകൊണ്ട് തന്നെ പതിവിൽ കവിഞ്ഞ തിരക്കായിരിക്കും നഗരവീഥികളിൽ അനുഭവപ്പെടുക. അത്തം മുതൽക്ക് തന്നെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇന്നത്തെ തിരക്ക് പരിഗണിച്ച് പോലീസ് കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
്എല്ലായിടത്തും ഓണാഘോഷ പരിപാടികൾക്ക് ഇന്നലെയോടെ തിരശ്ശീല വീണിരുന്നു. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷങ്ങൾ ഇക്കുറി റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലും ഇക്കുറി ഓണാഘോഷം ഉണ്ടായില്ല.
Discussion about this post